പ്രളയ ദുരിതം കാണാന്‍ കലക്ടറെത്തി; ആറുമാസത്തിനകം പാലം ഉറപ്പെന്ന് വാഗ്ദാനം

By Web TeamFirst Published Oct 26, 2021, 1:01 PM IST
Highlights

മൂന്ന് മീറ്റര്‍ വീതിയില്‍ ആറുമാസത്തിനകം പാലം നിര്‍മ്മിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുമരാമത്ത് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അതിനാവശ്യമായ അനുമതി പെട്ടന്ന് തന്നെ നല്‍കാന്‍ വനം വകുപ്പിനോടും കലക്ടര്‍ ആവശ്യപെട്ടു.
 
മലപ്പുറം: പ്രളയത്തില്‍ പാലം ഒലിച്ചുപോയ മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തിയില്‍ ആറ് മാസത്തിനുള്ളില്‍ പാലം നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. പാലം ഇല്ലാതായതോടെ ഒറ്റപെട്ട നാല് ആദിവാസികോളനികളെക്കുറിച്ച് വീട്ടിലേക്കുള്ള വഴി പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ചങ്ങാടത്തിലൂടെ പുഴകടന്ന് അക്കരയെത്തി കോളനിക്കാരുടെ സങ്കടം കേട്ടു.

മൂന്ന് മീറ്റര്‍ വീതിയില്‍ ആറുമാസത്തിനകം പാലം നിര്‍മ്മിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുമരാമത്ത് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അതിനാവശ്യമായ അനുമതി പെട്ടന്ന് തന്നെ നല്‍കാന്‍ വനം വകുപ്പിനോടും കലക്ടര്‍ ആവശ്യപെട്ടു. 

2018 ലെ പ്രളയത്തില്‍ പാലം ഒലിച്ചുപോയതോടെ ഒറ്റപെട്ട കുമ്പളപ്പാറ,തരിപ്പപൊട്ടി,വാണിയമ്പുഴ,മൂച്ചിക്കല്‍ കോളനിക്കാരുടെ ദുരിതങ്ങള്‍ ഈ മാസം ആദ്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.പരാതി പറഞ്ഞും വാഗ്ദാനങ്ങള്‍ കേട്ടും മടുത്ത കോളനിവാസികള്‍ക്ക് ഇപ്പോള്‍ ഉറപ്പുകളിലൊന്നും വിശ്വാസമില്ലാതായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വൈദ്യുതി എത്തിക്കുമെന്നും ഉറപ്പ് നല്‍കിയാണ് ജില്ലാ കലക്ടര്‍ കോളനിയില്‍ നിന്നും മടങ്ങിയത്.

click me!