
മലപ്പുറം: കൊവിഡ് മഹാമാരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് വീണ്ടും അഭിമാന നിമിഷം. വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായ ഏഴ് പേർ പൂർണാരോഗ്യത്തോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ് ഇവർ.
ഗർഭിണിയായ തിരൂർ ബി.പി. അങ്ങാടി കോട്ടത്തർമായിൻകണ്ടത്ത് വീട്ടിൽ അൻവാറ (27), ഇവരുടെ മൂന്ന് വയസുള്ള മകൻ ധയ്യാൻ, കണ്ണമംഗലം എടക്കാപ്പറമ്പ് ടി.പി മൻസിൽ, അമീൻ (21), ഇരിമ്പിളിയം മങ്കേരി ചവരേങ്ങ സുധീഷ് (36), കൂട്ടിലങ്ങാടി കീരംകുണ്ട് ഉമ്മത്ത് ആഷിഖ്(23), പാലക്കാട് നെല്ലായ പുല്ലൂനിയിൽ രാജേഷ് (39), വെളിയങ്കോട് പുതിയവീട്ടിൽ ഷഫീർ (35 ) എന്നിവരാണ് രോഗമുക്തരായത്.
മെയ് ഒൻപതിന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയാണ് ഗർഭിണിയായ അൻവാറയും മകനും തിരിച്ചെത്തിയത്. തുടർന്ന് മെയ് 12ന് ഇവർക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. പ്രസവ സംബന്ധമായ തുടർ ചികിത്സയ്ക്കായി ഏഴ് ദിവസത്തിനുശേഷം അൻവാറ വീണ്ടും മെഡിക്കൽ കോളേജിലെത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ക്വലാലംപൂരിൽ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ അമീന് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 12 ന് മാലി ദ്വീപിൽ നിന്ന് എത്തിയ സുധീഷിന് മെയ് 23 നും രോഗബാധ സ്ഥിരീകരിച്ചു. മെയ് 12 ന് സിങ്കപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ആഷിഖിന് മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് നെല്ലായ സ്വദേശിയായ രാജേഷ് മെയ് 13 നാണ് കുവൈത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ മെയ് 23 ന് രാജേഷിന് രോഗബാധ സ്ഥിരീകരിക്കുകയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്തു.
മെയ് ഏഴിന് അബുദബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴിയെത്തിയ ശേഷം കൊവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ മെയ് 23 നാണ് ഷഫീറിന് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ഏഴുപേരും 14 ദിവസം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും.
മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ഷീന ലാൽ, ഡോ. ഇ. അഫ്സൽ,നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു, ആർ.എം.ഒമാരായ സഹീർ നെല്ലിപ്പറമ്പൻ, ഡോ. ജലീൽ, സന്നദ്ധപ്രവർത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുൽ റഷീദ് എരഞ്ഞിക്കൽ തുടങ്ങിയവർ ചേർന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam