
മലപ്പുറം: 14 കാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിയെ നാല് വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ച് കോടതി. മുത്തേടം കാരപ്പുറം സ്വദേശി പുതുവായ് വിനോദിനെതിരെയാണ് (34) നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴയടച്ചാല്‍ തുക അതിജീവിതക്ക് നല്‍കും. പിഴയടക്കാത്ത പക്ഷം പ്രതി രണ്ട് മാസവും രണ്ട് ആഴ്ചയും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2024 ജൂണ്‍ 16 നാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോത്തുകല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ സോമനാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം ബിജിത കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യുഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി സി ഷീ ബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ് ഐമാരായ ജെയിംസ് ജോണ്‍, ദിനേഷ് കുമാര്‍, എ എസ് ഐ ജാഫര്‍, എസ് സി പി ഒ സിയാദ്, സി പി ഒമാരയ ഉമ്മര്‍ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിറലി, സജീഷ്, സി പി ഒമാരായ സജേഷ്, കൃഷ്ണ ദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.