
മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎ വേട്ടയിൽ പിടിയിലായ കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബ് മൊഴി മാറ്റിയതായി വിവരം. പുതിയ മൊഴിയിൽ നടിമാരെ കുറിച്ച് പരാമർശമില്ലെന്നാണ് സൂചന. കൊച്ചിയിൽ നിന്നുള്ള നടിമാർക്ക് നൽകാനായാണ് എംഡിഎംഎയുമായി സ്വകാര്യ റിസോർട്ടിൽ കാത്തു നിന്നതെന്നായിരുന്നു പ്രതി ഇന്നലെ പറഞ്ഞത്. ഡിമാന്‍റ് ഏറെയുള്ള വിദേശ നിർമ്മിത എംഡിഎംഎയ്ക്കായി കൊച്ചിയിൽ നിന്ന് രണ്ട് നടിമാർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കാത്താണ് റിസോർട്ടിൽ എത്തിയതെന്നായിരുന്നു ഷബീബ് പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ നടിമാർ ഉൾപ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് മൊഴിമാറ്റിയത്.
ക്രിസ്തുമസ്, ന്യൂ ഇയർ പാർട്ടികൾക്കായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ മലപ്പുറത്തേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാഴക്കാടിന് സമീപമുള്ള അഴിഞ്ഞില്ലത്തെ റിസോർട്ടിൽ പൊലീസും ഡാൻസാഫ് ടീമും സംയുക്ത പരിശോധന നടത്തിയത്. ഇതിനിടെയാണ് റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വീര്യം കൂടിയ 510 ഗ്രാം സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam