'മിന്ന്ണതൊന്നും പൊന്നല്ല'; മലബാർ ശൈലിയിൽ ട്രാഫിക് പൊലീസിന്റെ വീഡിയോ, ശബ്ദം നൽകിയ ജുനൈസിന്റെ വിശേഷങ്ങൾ

Web Desk   | Asianet News
Published : Mar 24, 2020, 10:06 PM ISTUpdated : Mar 24, 2020, 10:22 PM IST
'മിന്ന്ണതൊന്നും പൊന്നല്ല'; മലബാർ ശൈലിയിൽ ട്രാഫിക് പൊലീസിന്റെ വീഡിയോ, ശബ്ദം നൽകിയ ജുനൈസിന്റെ വിശേഷങ്ങൾ

Synopsis

ജയരാജ് സംവിധാനം ചെയ്ത് വീരം എന്ന സിനിമയുടെ ട്രെയിലർ റിലീസിനും പ്രതാപ് പോത്തൻ നായകനായെത്തിയ പച്ചമാങ്ങ എന്ന സിനിമയിലും ജുനൈസിന്റെ ശബ്ദമുണ്ട്. 

റുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്. ഭാഷക്ക് ഓരോ നാട്ടിലും ഓരോ ശൈലികളാണ്. പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. ഈ ശൈലി പരസ്യങ്ങളിലും അനൗൺസ്മെന്റുകളിലും കൊണ്ടു വന്നാലോ...? ബഹുരസമായിരിക്കും. എന്നാൽ, അങ്ങനെ ഒരാളുണ്ട്. നാലായിരത്തിലധികം പരസ്യങ്ങൾ മലബാർ ശൈലിയിൽ ശബ്ദം നൽകിയ പാണാലി ജുനൈസ് എന്ന യുവാവ്.

''മിന്ന്ണതൊന്നും പൊന്നല്ല എന്ന് പണ്ട്‌ള്ളോര് പറയില്ണ്ടായിര്ന്ന്'' എന്ന് തുടങ്ങുന്ന ട്രാഫിക് പൊലീസിന്റെ മലബാർ ശൈലിയിലുള്ള പരസ്യം കണ്ടത് അഞ്ച് കോടിലിയലധികം ആളുകളാണ്. തീർന്നില്ല കേരളത്തിനകത്തും പുറത്തും രാജ്യാതിർത്തി കടന്നും മലയാളി ഉള്ളിടത്തെല്ലാം പെട്ടിക്കട മുതൽ സൂപ്പർമാർക്കറ്റുകൾ വരെയുള്ളവയുടെ പരസ്യങ്ങളിൽ ഇന്ന് കേൾക്കുന്നത് പാണാലി ജുനൈസ് എന്ന ഈ മലപ്പുറംകാരന്റെ ശബ്ദമാണ്. കൂടാതെ കൊറോണ വൈറസിനെതിരെ ബോധവത്കരണ വീഡിയോയും ഈ 23ന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

കൊണ്ടോട്ടിയിലെ മുണ്ടക്കുളത്തെ പാണാളി മമ്മൂട്ടിയുടേയും ലൈല മൂപ്പന്റെയും മകനായ ജുനൈസും സഹോദരിമാരായ ഷിബുനയും ജുമാന തസ്‌നിയും അടങ്ങുന്നതാണ് ജുനൈസിന്റെ കുടുംബം. മുണ്ടക്കുളം എഎംഎൽപി സ്‌കൂൾ,സിഎച്ച്എംകെഎംയുപി സ്‌കൂൾ, എച്ച്ഐഒഎച്ച്എസ് ഒളവട്ടൂർ, കൊണ്ടോട്ടി ബ്ലോസം ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

അനൗൺസ്മെന്റ് തുടങ്ങുന്നത് ഫുട്‌ബോളിലൂടെ

മലപ്പുറം കാരനായതിനാൽ പന്ത്കളിയോടുള്ള മുഹബത്ത് പറഞ്ഞറിയിക്കണ്ടല്ലോ... സീസണായാൽ ആരംഭിക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റുകളുടെ അനൗൺസ്മെന്റുകൾ കേട്ട് പഠിച്ചു. 2102ൽ തന്റെ പ്ലസ്ടു കാലത്താണ് ആദ്യമായി ജീപ്പിൽ അനൗൺസ്മെന്റിന് പോയത്. അതായിരുന്നു തുടക്കം. പക്ഷെ തുടക്കം തന്നെ പാളിപ്പോയതിനാൽ അന്ന് ആ മേഖലയിൽ തുടരാനായില്ല. .

ഒറ്റ അനൗൺസ്മെന്റ്, ജീവിതം വഴിമാറിയത് ഇങ്ങനെ

2016ൽ കൊണ്ടോട്ടി ബ്ലോസം ആർട്സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുമ്പോഴാണ് സഹപാഠിയുടെ വിവാഹത്തിന് വേണ്ടി ഒരു ശബ്ദ സന്ദേശം തയ്യാറാക്കിയത്. വധവും വരനുമെല്ലാം സുഹൃത്തുക്കൾ തന്നെയായിരുന്നു. അവർക്ക് ഒരു സമ്മാനമായാണ് ജുനൈസ് തയ്യാറാക്കിയ ആ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. അതോടുകൂടി ജുനൈസിന്റെ സമയവും തെളിഞ്ഞു. ഈ ശബ്ദം സന്ദേശം കേട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരസ്യം ചെയ്യാനായി ആളുകൾ ജുനൈസിനെ തേടിയെത്തി.

പിന്നീട് പരസ്യങ്ങളിലേക്ക്

കോഴിക്കോട്ടെ വൈറ്റമിൻ കോർണർ എന്ന സ്ഥാപനമാണ് ആദ്യമായി ജുനൈസിന്റെ ശബ്ദം മുതലെടുത്തത്. അതും ഹിറ്റായതോടെ ആലുവയിലെ ആദാമിന്റെ ചായക്കട എന്ന സ്ഥാപനവും ജുനൈസിനെ തേടിയെത്തി. പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കേരളത്തനകത്തും പുറത്തും രാജ്യത്തിന്റെ അതിർത്തി കടന്നും വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി ജുനൈസ് തന്റെ മലബാർ ശൈലിയിൽ പരസ്യങ്ങൾ തയ്യാറാക്കി. ഇതിനോടകം നാലായിരത്തിലധികം പരസ്യങ്ങൾക്ക് ജുനൈസ് ശബ്ദം നൽകിക്കഴിഞ്ഞു.

ബോധവത്കരണ വീഡിയോകളും ഹിറ്റ്

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ ബ്രിഡ്ജിന്റെ ശോചനീയാവസ്ഥക്കെതിരെ ജുനൈസ് തയ്യാറാക്കിയ വീഡിയോ ജനങ്ങൾ ഏറ്റെടുത്തു. അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പാലത്തിന്റെ പുനരുദ്ധാരണ പണികൾ  ആരംഭിച്ചു.  വർഷങ്ങളായി ഈ പാലത്തിന്റെ ശോചനീയാവസ്ഥക്കെതിരെ കൊടിപിടിച്ച് സമരം നടത്തിയ വിവിധ സംഘടനകൾക്ക് ഉണ്ടാക്കാൻ പറ്റാത്ത പ്രതിഫലനമാണ് ജുനൈസ് ട്രോൾരൂപത്തിലിറക്കിയ വീഡിയോക്ക് സാധിച്ചത് എന്നോർക്കണം. അതിന് ശേഷം ട്രാഫിക് പൊലീസിന് വേണ്ടിയും ജുനൈസ് ബോധവത്കരണ വീഡിയോകൾ ചെയ്തു. പ്രളയ സമയത്തും ജുനൈസ് സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയോകൾ തയ്യാറാക്കിയിരുന്നു.

സിനിമയിലെത്തുമോ..?

തന്റെ ശബ്ദം നാട്ടുകാർ ഏറ്റെടുത്തതോടെ ജുനൈസ് സിനിമയിലും ഒരുകൈ നോക്കുന്നുണ്ട്. ജയരാജ് സംവിധാനം ചെയ്ത് വീരം എന്ന സിനിമയുടെ ട്രെയിലർ റിലീസിനും പ്രതാപ് പോത്തൻ നായകനായെത്തിയ പച്ചമാങ്ങ എന്ന സിനിമയിലും ജുനൈസിന്റെ ശബ്ദമുണ്ട്. അഭിനയത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ജുനൈസിപ്പോൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം
ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ