മലപ്പുറത്തെ ഹിറ്റ് കല്യാണക്കഥ! ഡ്രൈവിങ് സീറ്റില്‍ അണിഞ്ഞൊരുങ്ങി മണവാളന്‍, വിവാഹ യാത്രക്ക് സ്വന്തം ബസിൽക്കേറി വളയം തിരിച്ചു

Published : Dec 27, 2025, 02:39 PM IST
Bus driver Marriage

Synopsis

മലപ്പുറത്ത് ചർച്ചയായി ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും കല്യാണം. കോട്ടക്കൽ-കാടാമ്പുഴ റൂട്ടിലെ ബസ് കണ്ടക്ടറായ ഷാക്കിർ, തൻ്റെ വിവാഹത്തിന് വാഹനമാക്കിയത് താൻ ഓടിക്കുന്ന സ്വകാര്യ ബസാണ്. ഡ്രൈവിംഗ് സീറ്റിൽ മണവാളനായി ഷാക്കിറിനൊപ്പം ഹർഷിദയും ചേർന്നു.

മലപ്പുറം: കല്യാണങ്ങള്‍ പല തരത്തില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും കല്ല്യാണം ഇന്ന് മലപ്പുറത്ത് മുഴുവന്‍ ചര്‍ച്ചയാണ്. എന്താണിത്ര ചര്‍ച്ചാ വിഷയമെന്നല്ലേ... പറയാം....വര്‍ണമനോഹരമായി അലങ്കരിച്ച് വരുന്ന ഒരു സ്വകാര്യ ബസ്. ബസ് ആണെങ്കില്‍ പതിവിന് വിപരീതമായി മനോഹരമായി വര്‍ണ്ണ പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇതെന്ത് മറിമായം... കണ്ടു നിന്ന യാത്രക്കാര്‍ക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയുമായി. ബസ് അടുത്ത് എത്തിയപ്പോള്‍ കണ്ടതാകട്ടെ ഡ്രൈവിങ് സീറ്റില്‍ അണിഞ്ഞൊരുങ്ങി മണവാളന്‍. ആശ്ചര്യം മാറും മുന്നേ തൊട്ടടുത്ത് മൈലാഞ്ചി ചോപ്പില്‍ മണവാട്ടിയും. ക്രിസ്തുമസ് ദിനത്തില്‍ നടന്ന ഒരു അടിപൊളി കല്യാണമായിരുന്നു ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും.

ഷാക്കിര്‍ വര്‍ഷങ്ങളായി കോട്ടക്കല്‍ മരവട്ടം വഴി കാടാമ്പുഴ സര്‍വ്വീസ് നടത്തുന്ന ഫന്റാസ്റ്റിക് ബസിലെ കണ്ടക്ടര്‍ കം ഡ്രൈവറാണ്. ഇതിനിട യിലാണ് കല്യാണം ഒത്തുവന്നത്. മലപ്പുറം ഗവ. കോളജിലെ ഡിഗ്രി വിദ്യാര്‍ഥി ഫര്‍ഷിദയാണ് വധു. കോട്ടപ്പുറം ചേങ്ങോട്ടൂരാണ് ഇവരുടെ വീട്. ബസ് ജീവനക്കാരനായതിനാല്‍ ബസ് തന്നെ വിവാഹ വാഹനമാക്കണമെന്ന് ഒരാഗ്രഹം. കാര്യം പറഞ്ഞപ്പോള്‍ ഹര്‍ഷിദ ഡബിള്‍ ബെല്ലടിച്ചു. ഉടമ ഏറിയസ്സന്‍ അബ്ബാസിനോടും മാനേജര്‍ ടി.ടി മൊയ്തീന്‍ കുട്ടിയോടും കാര്യം പറഞ്ഞു. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയും ലഭിച്ചതോടെ ബസ് കല്ല്യാണത്തിനായി ചമഞ്ഞൊരുങ്ങി. പത്തായക്കല്ലില്‍ നിന്നും ചേങ്ങോട്ടൂരിലേക്ക് ബന്ധുക്കളുമായിട്ടായിരുന്നു യാത്ര. തിരിച്ചുള്ള യാത്രയില്‍ സഖിയായ ഹര്‍ഷിദയും. വിവാഹയാത്ര വ്യത്യസ്തമാക്കിയ ഇരുവര്‍ക്കും ആശംസകളുടെ പ്രവാഹമാണ്. പത്തായക്കല്ല് പുത്തന്‍പീടിയന്‍ അഹമ്മദിന്റെയും നഫീസയുടേയും മകനാണ് ഷാക്കിര്‍. ഹര്‍ഷിദ ചേങ്ങോട്ടൂരിലെ കുന്നത്ത് ഹമീദിന്റെയും റഷീദയുടേയും മകളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി, യുഡിഎഫ് അധികാരത്തിലേക്ക്
ബിജെപി അംഗം വിട്ടുനിന്നു; ഭാഗ്യം തുണച്ചു, വേലൂർ പഞ്ചായത്ത് നറുക്കെടുപ്പിൽ യുഡിഎഫിന്