
കല്‍പ്പറ്റ: ഡീഗോ മറഡോണയും മലയാളിയും തമ്മിലുള്ള ഹൃദയബന്ധത്തെ മറഡോണ ചുരുക്കി വിളിച്ച പേരാണ് 'സുലൈ'. അര്‍ജന്‍റീനയെയും മറഡോണയെയും ഹൃദയത്തില്‍ നിറച്ച് ജീവിക്കുന്ന ഒരു നാടിനെ കുറിച്ച് 'ഫുട്‌ബോാള്‍ ദൈവം' അറിഞ്ഞത് അദ്ദേഹം 'സുലൈ' എന്ന് സ്‌നേഹത്തോടെ വിളിച്ച തിരൂര്‍ താനൂര്‍ അയ്യായ സ്വദേശി നെല്ലിശ്ശേരി സുലൈമാനിലൂടെയായിരിക്കും.
2011 ഓഗസ്റ്റിലാണ് സുലൈമാനും മറഡോണയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. യു എ ഇയിലെ അല്‍-വസല്‍ ക്ലബിന്‍റെ പരീശീലകനായി എത്തിയതായിരുന്നു ഡിയാഗോ മറഡോണ. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി സെവന്‍ സ്റ്റാര്‍ ഹോട്ടലിലേക്ക് മറഡോണയെ എത്തിച്ചത് സുലൈമാനായിരുന്നു. ക്ലബ്ബിന്‍റെ ഡ്രൈവര്‍ ആയി ജോലി നോക്കുകയായിരുന്നു സുലൈമാന്‍. 44 ഡ്രൈവര്‍മാരുണ്ടായിരുന്നെങ്കിലും ആ ചുമതല ക്ലബ് ഏല്‍പ്പിച്ചത് തന്നെയായിരുന്നുവെന്ന് സുലൈന്‍മാന്‍ പറഞ്ഞു. അന്ന് തുടങ്ങിയ ബന്ധം മറഡോണയുടെ മരണം വരെയും ഉലച്ചിലില്ലാതെ തുടര്‍ന്നു.
മറഡോണ എപ്പോഴൊക്കെ ദുബൈയില്‍ എത്തിയോ 'സുലൈ' യെ കാണാന്‍ അദ്ദേഹം അവസരമുണ്ടാക്കും. തിരിച്ചും അങ്ങനെത്തന്നെയായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ മറഡോണ അല്‍-വസല്‍ ക്ലബ് വിട്ടെങ്കിലും സുലുവിനോടുള്ള ഇഷ്ടം കുറഞ്ഞില്ല. ദുബൈ സ്‌പോര്‍ട്‌സിന്റെ അംബാസഡറായി മറഡോണ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സുലൈമാനെ ഡ്രൈവറായി കിട്ടണമെന്നായിരുന്നു. അങ്ങനെ മറഡോണയുടെ ശമ്പളം വാങ്ങാന്‍ ഭാഗ്യം ലഭിച്ച മലയാളിയും ഒരു പക്ഷേ ഏക ഇന്ത്യക്കാരനും കൂടിയായി സുലൈമാന്‍ മാറി. മറഡോണ സുലൈമാനെ മനസിലാക്കിയതോടെ അദ്ദേഹത്തിന് വെറുമൊരു ഡ്രൈവര്‍മാര്‍ മാത്രമായില്ല ഈ 36 കാരന്‍. വീടിനകത്തും പുറത്തും കളിക്കളത്തിലും സന്തതസഹചാരിയായിരുന്നു. ഏത് പാതിരാത്രിയിലും വിളിച്ചുണര്‍ത്താനും ഇഷ്ടമുള്ളയിടങ്ങളിലേക്ക് യാത്രപോകാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉരുവര്‍ക്കുമിടയില്‍ വളര്‍ന്നു.
പാം ജുമൈറയില്‍ ഡിയാഗോക്കൊപ്പമായിരുന്നു സുലൈമാന്‍റെയും താമസം. ടി വിയില്‍ പ്രധാന മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ഏത് പാതിരാത്രിക്കാണെങ്കിലും ഡിയാഗോയെ വിളിച്ചുണര്‍ത്തണം. സ്പാനിഷിലും മുറി ഇംഗ്ലീഷിലും മറഡോണയോടൊപ്പം അത്യാവശ്യം സ്പാനിഷും പിന്നെ ഇംഗ്ലീഷും വെച്ച് സുലൈമാന്‍ പിടിച്ചു നിന്നു. 'ദൈവ'ത്തിന്‍റെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും അറിയാന്‍ ഭാഷ തടസ്സമായിട്ടില്ലെന്ന് സുലൈമാന്‍ പറയുന്നു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ദ്വിഭാഷിയുടെ സഹായം തേടി. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധം ഇപ്പോഴും തുടരുന്നു. ഒരിക്കല്‍ സുലൈമാന്‍ അറിയാതെ അദ്ദേഹത്തിന്‍റെ കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റ് ബുക് ചെയ്തത് മറഡോണയായിരുന്നു.
മറ്റൊരിക്കല്‍ ഡിയാഗോയുടെ അഭിഭാഷകയെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ വൈകിയപ്പോള്‍ അവരുടെ വിമാനം നഷ്ടപ്പെട്ടതും ജോലി പോകുമോ എന്നതിനേക്കാളുമേറെ ഡിയാഗോയുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമോ എന്ന് ഭയന്നതും 'സാരമില്ലെന്ന്' പറഞ്ഞ് മറഡോണ ആശ്വാസിപ്പിച്ചതുമാണ് മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മ്മയെന്ന് സുലൈമാന്‍ പറഞ്ഞു. സ്വകാര്യ ജ്വല്ലറിയുടെ ഉദ്ഘാടനചടങ്ങിന് കേരളത്തിലെത്തിയ മറഡോണ ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന നിമിഷങ്ങള്‍ ഒരിക്കല്‍ പങ്കുവെച്ചതായും സുലൈമാന്‍ ഓര്‍ത്തെടുത്തു. സുമയ്യയാണ് ഭാര്യ. ഷാമില്‍, സാബിത്ത്, ഷബീബ്, ഷംന എന്നിവരാണ് മക്കള്‍. ദുബൈയില്‍ എമിറേറ്റ്‌സ് ആന്റ് വേള്‍ഡ് മെഡിക്കല്‍ സപ്ലൈയേഴ്‌സില്‍ ആണ് സുലൈമാന്‍ ഇപ്പോള്‍ ജോലി എടുക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam