നടുക്കടലില്‍ ടൗട്ടേ കൊടുങ്കാറ്റിലെ അഗ്നിപരീക്ഷ കഴിഞ്ഞു; വീടണഞ്ഞ് അഹുൽ രാജ്

By Web TeamFirst Published Jun 4, 2021, 11:20 PM IST
Highlights

40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ 100 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശിയത്. കൂറ്റൻ കപ്പലിൽ കെട്ടിവലിച്ചാണ് ബാർജ് നീക്കുന്നത്. ഇതിനിടയിൽ കപ്പലിന്റെ ഒരു എൻജിൻ കേടായി. രണ്ടാമത്തെ എൻജിൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ ബാർജ് കപ്പലിൽ നിന്ന് വേർപട്ടു പോയി. ബാർജിന്റെ നിയന്ത്രണം വിട്ടതോടെ തിരയിൽപ്പെട്ട് ആടിയുലഞ്ഞുകൊണ്ടിരുന്നു. 

ഹരിപ്പാട്: ടൗട്ടേ കൊടുങ്കാറ്റില്‍ അഗ്നിപരീക്ഷ കടന്ന് അഹുല്‍ രാജ് വീട്ടിലെത്തി.  മുംബൈ കടലിൽ ലക്ഷ്യമില്ലാതെ അലഞ്ഞ ബാർജിലെ ഫയർമാനായിരുന്നു മണ്ണാറശാല തുണ്ടുപറമ്പിൽ രാജപ്പൻ- ഓമന ദമ്പതികളുടെ മകൻ അഹുൽ രാജ്. മുംബൈ ആസ്ഥാനമായ സി സി ടി എസ് കമ്പനിയുടെ 205 ജീവനക്കാരാണ് ബാർജിൽ ഉണ്ടായിരുന്നത്. മുംബൈ ഹൈയിൽ ഒ എൻ ജി സി യുടെ എണ്ണപ്പാടത്ത് കരാർ അടിസ്ഥാനത്തിൽ ജോലി ഏറ്റെടുത്ത കമ്പനിയാണിത്.

ചുഴലിക്കാറ്റിനെപ്പറ്റി രണ്ടുദിവസം മുമ്പേ സൂചന കിട്ടിയതാണ്, എന്നാൽ ജോലി തീർത്ത് മടങ്ങാൻ താമസമുണ്ടായി. മെയ് 16ന് രാത്രി എട്ടു മണിയോടെ മുംബൈ തീരത്തേക്ക് 60 നോട്ടിക്കൽ മൈലോളം ദൂരമുള്ളപ്പോഴാണ് കൊടുങ്കാറ്റ് വീശി തുടങ്ങിയത്. 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ 100 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശിയത്. കൂറ്റൻ കപ്പലിൽ കെട്ടിവലിച്ചാണ് ബാർജ് നീക്കുന്നത്. ഇതിനിടയിൽ കപ്പലിന്റെ ഒരു എൻജിൻ കേടായി. രണ്ടാമത്തെ എൻജിൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ ബാർജ് കപ്പലിൽ നിന്ന് വേർപട്ടു പോയി.

ബാർജിന്റെ നിയന്ത്രണം വിട്ടതോടെ തിരയിൽപ്പെട്ട് ആടിയുലഞ്ഞു കൊണ്ടിരുന്നു. ബാർജിനുള്ളിൽ കടൽ വെള്ളം ശക്തിയായി അടിച്ചു കയറിയതോടെ വൈദ്യുതി - വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടു. അന്നു രാത്രിയിലും അടുത്ത ദിവസം പകലും രക്ഷപ്പെടുമെന്ന് തീരെ പ്രതീക്ഷയില്ലായിരുന്നു. കാറ്റിൽപെട്ട ബാർജ് പാകിസ്ഥാൻ കടലിലേക്ക് നീങ്ങിയേക്കുമെന്നും പേടി ഉണ്ടായിരുന്നു. ഒ എൻ ജി സിയുടെ എണ്ണ ഖനനത്തിലുള്ള ആറ് പ്ലാറ്റ് ഫോമുകളുള്ള ഭാഗത്തു കൂടിയാണ് ബാർജ് നീങ്ങിക്കൊണ്ടിരുന്നത്.

ഇവയിൽ ഏതെങ്കിലുമൊന്നിൽ തട്ടിയിരുന്നെങ്കിൽ ബാർജ് മുങ്ങിപ്പോകുമായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച പാപ്പ 305 എന്ന് ബാർജ് ഈ രീതിയിലാണ് മുങ്ങിയത്. 17 ന് ഉച്ചയോടെ രക്ഷാ ബോട്ടുകൾ എത്തി. ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചു. രാത്രിയോടെ ഗുജറാത്ത് തീരത്ത് സുരക്ഷിതമായി എത്തി. പിന്നീട് മുംബൈയിലേക്ക്. അവിടെനിന്നാണ് വീട്ടിലേക്ക് മടങ്ങിയത്. തിരികെയെത്തി കൊവിഡ് സമ്പര്‍ക്കവിലക്ക് കഴിഞ്ഞ് പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതിന്‍റെ ആശ്വാസവും അഹുല്‍ പങ്കുവയ്ക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!