പണമില്ലാതെയും യാത്ര; കാസർകോട് നിന്നും കന്യാകുമാരിയിലേക്ക് കാൽനടയായി രണ്ട് യുവാക്കളുടെ യാത്ര

By Web TeamFirst Published Jun 4, 2021, 8:42 PM IST
Highlights

ഒരു ദിവസം 25 കിലോമീറ്ററിലധികം കാൽനടയായി യാത്ര ചെയ്യും പെട്രോൾപമ്പുകളിൽ ടെന്റ് തയ്യാറാക്കിയാണ് രാത്രിയിൽ വിശ്രമം

മാന്നാർ : കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ് അശ്വിൻ പ്രസാദ്, മുഹമ്മദ് റംഷാദ് എന്നിവർ. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന ഉദ്ദേശത്തോടെ മാർച്ച് മാസം 26 ന് കാസർകോട് നിന്ന് ആരംഭിച്ച കാൽനടയാത്ര ഇന്ന് മാന്നാറിൽ എത്തി. മാന്നാർ പന്നായി കടവ് പൊലീസ് പിക്കറ്റിൽ അൽപ നേരം വിശ്രമിക്കുകയും ചെയ്തു.ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി ജോലിയിൽ കഴിഞ്ഞിരുന്ന ഇരുവരും നല്ല യാത്രാ പ്രിയരാണ്.

വാഹനങ്ങളിൽ വിനോദയാത്രകൾ അനവധി പോയിട്ടുള്ള ഈ കൂട്ടുകാർക്ക് കൊവിഡ് എന്ന  മഹാമാരി നാട്ടിൽ പിടിമുറുക്കിയപ്പോൾ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. യാത്ര എപ്പോഴും ഇഷ്ടമുള്ള ഈ കൂട്ടുകാർ  പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്നുള്ള ആലോചനയിലാണ് കേരളത്തിലെ പതിനാല് ജില്ലകളും കടന്നു കൊണ്ട് കാസർകോട് നിന്നും കന്യാകുമാരിയിലേക്ക് കാൽനട യാത്ര പ്ലാൻ ചെയ്തത്. തുടക്കത്തിൽ കുടുംബങ്ങളിൽനിന്ന് പോലും എതിർപ്പുണ്ടെങ്കിലും ഇപ്പോൾ നല്ല പിന്തുണ ആണെന്ന് ഇരുവരും പറയുന്നു.

ഒരു ദിവസം 25 കിലോമീറ്ററിലധികം കാൽനടയായി യാത്ര ചെയ്യും പെട്രോൾപമ്പുകളിൽ ടെന്റ് തയ്യാറാക്കിയാണ് രാത്രിയിൽ വിശ്രമം. സഞ്ചരിക്കുന്ന വഴികളിൽ ഉള്ള ഹോട്ടലുകളിൽ നിന്നും സുമനസ്സുകളായ ആളുകളാണ് ഇവർ ക്കുള്ള  ഭക്ഷണം നൽകുന്നത്. സാമ്പത്തികമായി ആരെങ്കിലും എന്തെങ്കിലും നൽകിയാൽ അത് കേരളത്തിലെ വിശപ്പുരഹിത പദ്ധതിയിലേക്ക് നൽകുമെന്നും ഈ ചെറുപ്പക്കാർ പറഞ്ഞു.

മാന്നാർ പനായി കടവിൽ ഉള്ള  പൊലീസ് പിക്കറ്റിൽ ഡ്യൂട്ടി ഉണ്ടായിരുന്ന മാന്നാർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷിബു, കെ എ പി ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ ശരത്, കേരള സിവിൽ ഡിഫൻസ് വാർഡൻ അൻഷാദ്  എന്നിവർ വിശപ്പ് രഹിത കേരളം പദ്ധതിയിലേക്ക് സംഭാവനയും നൽകി. മാർച്ച്‌ 26ന് തുടങ്ങിയ ഈ യാത്രയിൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും ഇവർ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!