
തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സൈനികനെ ലഡാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം. ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് ലഡാക്കിലെ പട്ടാള ക്യാംപ് അധികൃതർ മലയാളി സൈനികന്‍റെ ബന്ധുക്കൾക്ക് നൽകി. പുല്ലുവിള ചെമ്പകരാമൻതുറ പീരുപ്പിള്ള വിളാകത്ത് ശിലുവയ്യന്റെയും ബെല്ലർമിയുടെയും മകൻ സാംസൺ ശിലുവയ്യനെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചത്. ബുധനാഴ്ച്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ലഡാക്കിലെ പട്ടാള ക്യാംപിൽ നിന്നും അധികൃതർ വിവരം അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യത്തിലാണ് ബന്ധുക്കൾ. സാംസൺ ശിലുവയ്യനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അറിയിച്ച ശേഷം പിന്നീട് പലതവണ ഇതു സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞിട്ടും അധികൃതർ വ്യക്തമായി ഒന്നും പറയുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ അറിയാനും സാംസണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
മൂന്നുമാസം മുൻപായിരുന്നു സാംസണിന്റെ വിവാഹം. ബീനയാണ് ഭാര്യ. അവധി കഴിഞ്ഞ് ഇവിടെ നിന്ന് പോയിട്ട് രണ്ടു മാസമായി. ചൊവ്വാഴ്ച്ച രാത്രിയിലും ഭാര്യയെയും ബന്ധുക്കളെയും വീഡിയോ കോൾ വിളിച്ച് സംസാരിച്ചിരുന്നു. സാംസൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ജീവനൊടുക്കാൻ വേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കൂടുതൽ വിവരങ്ങൾ ഒന്നും അറിയിക്കാത്തതിനാൽ സംസ്കാരം സംബന്ധിച്ച തീരുമാനമെടുക്കാൻ പോലും കഴിയുന്നില്ലെന്നും ജനപ്രതിനിധികളുടെ സഹായത്തോടെ അന്വേഷിച്ചിട്ടും ആധികാരികമായി വിവരങ്ങൾ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ശിലുവയ്യൻ – ബെല്ലർമി ദമ്പതികളുടെ 4 മക്കളിൽ ഇളയതാണ് സാംസൺ. മൂത്ത സഹോദരങ്ങളായ സജൻ, സജീവ് എന്നിവർ വൃക്കരോഗം ബാധിച്ച് പത്തു വർഷം മുൻപ് മരിച്ചിരുന്നു. സരോജ ഏക സഹോദരിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam