
കട്ടപ്പന: വില ഉയരുമ്പോൾ ഉൽപ്പന്നം വിൽക്കാനില്ല, വിളവുള്ളപ്പോഴാണെങ്കിൽ വിലയുമില്ല. ജില്ലയിലെ പ്രധാന ഇടവിള കൃഷിയായ മാലി മുളക് കർഷകരുടെ അനുഭവമാണിത്. നല്ല മികച്ച രീതിയിൽ വിളവ് കിട്ടിയിരുന്നപ്പോൾ മാലി മുളകിന്റെ വില കിലോയ്ക്ക് വെറും 30 -50 രൂപ വരെ. എന്നാലിപ്പോൾ പലരും കൃഷി ഉപേക്ഷിച്ച്, ഉള്ള കൃഷിയിൽ വിളവും ശുഷ്കമായപ്പോൾ കിലോയ്ക്ക് 250 രൂപ വരെയായി വില. ഇത്തരത്തിൽ വില ഉയർന്നാലും ഇതിൻ്റെ ഗുണം ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ലന്നതാണ് വസ്തുത. പല കർഷകർക്കും മുളക് ലഭ്യമല്ല.
വില അഞ്ചിരട്ടി ഉയർന്നെങ്കിലും മാലി മുളകിൻ്റെ ഉല്പ്പാദനത്തിൽ വലിയ കുറവാണുള്ളത്. രണ്ടു മാസം മുൻപ് വരെ 30 രൂപ വിലയുണ്ടായിരുന്ന മുളകിന്റെ വില 150 രൂപയായാണ് ഉയർന്നത്. കനത്ത ചൂടും ജലസേചനത്തിന്റെ അഭാവത്താൽ മുളകുചെടികൾ ഉണങ്ങിക്കരിഞ്ഞതോടെയാണ് ഉത്പാദനം ഇടിഞ്ഞത്. ചെടികളിൽ പൂവ് പിടിക്കുന്നുണ്ടെങ്കിലും കായായി വളരും മുമ്പേ കൊഴിഞ്ഞു തീരുകയാണ്. മാർച്ചിൽ ചൂടു കൂടിയതോടെ ഉത്പാദനം കുത്തനെയിടിഞ്ഞു. ഇതോടെ മുളക് വരവ് കുറഞ്ഞെന്നും പിന്നാലെ വില കുതിച്ചുയർന്നെന്നും വ്യാപാരികൾ പറയുന്നു. തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുള്ള മൊത്ത വ്യാപാരികളാണ് കട്ടപ്പന കമ്പോളത്തിലെത്തി മുളക് വാങ്ങുന്നത്.
സാധാരണ മുളകിനേക്കാൾ മണവും രുചിയുമുണ്ട് മാലി മുളകിന്. മുളക് ചെടിയിൽ നിന്നും ഒരു വർഷം അഞ്ചു കിലോ വരെ വിളവ് ലഭിക്കും. ഒരു ചെടി നട്ട് കൃത്യമായി പരിപാലിച്ചാൽ ഒന്നര മാസത്തിനുള്ളിൽ വിളവെടുക്കാമെന്ന് കർഷകർ പറയുന്നു. കുറഞ്ഞ പരിചരണം നൽകിയാൽ മതിയെന്ന കാരണത്താൽ ഹൈറേഞ്ചിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഹൈറേഞ്ചിൽ മാലി മുളകിന് വൻ വിളവ് ലഭിച്ചിരുന്നു. കട്ടപ്പന കമ്പോളത്തിലും വലിയ അളവിൽ മാലി മുളക് എത്തിയിരുന്നു. വില കുത്തനെയിടിഞ്ഞതിനെ തുടർന്ന് 2021 ജൂണിൽ ഇടുക്കി കാമാക്ഷിയിൽ 600 ൽ അധികം മുളക് ചെടികൾ കർഷകർ വെട്ടി നശിപ്പിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam