Latest Videos

വാഹന പരിശോധനയ്ക്കിടെ കാർ വെട്ടിച്ച് കടന്നു, പരാക്രമം മയക്കുമരുന്ന് ലഹരിയിൽ, വളഞ്ഞിട്ട് പിടികൂടി എക്സൈസ് സംഘം

By Web TeamFirst Published Apr 24, 2024, 12:19 PM IST
Highlights

കാറിന്റെ ഡോർ പോലും അടക്കാതെ അമിത വേഗതയിൽ കാറെടുത്തു കടന്നു. തുടർന്ന് ഇരിട്ടിയിലെയും മട്ടന്നൂരിലെയും എക്സൈസ് സംഘം സംയുക്തമായി വളഞ്ഞാണ് പിടികൂടിയത്. 

കണ്ണൂർ: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാണിച്ച യുവാവിനെ സാഹസികമായി പിടികൂടിയെന്ന് എക്സൈസ് സംഘം. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെ കാറുമായി വെട്ടിച്ച് കടന്നു കളഞ്ഞ കോഴിക്കോട് അരീക്കാട് സ്വദേശി ഫിറോസ് ഖാനെയാണ് (31 വയസ്സ്) എക്സൈസ് പിടികൂടിയത്. മട്ടന്നൂർ കരേറ്റയിൽ വച്ചാണ് ഇയാള്‍ പിടിയിലായത്.

കൂട്ടുപുഴ മുതൽ കരേറ്റ വരെ അതിവേഗ യാത്രയിൽ ഇയാളുടെ വാഹനമിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റി. കൂട്ടുപുഴയിൽ വാഹന പരിശോധന നടത്താൻ സമ്മതിക്കാതെ എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവ്, കാറിന്റെ ഡോർ പോലും അടക്കാതെ അമിത വേഗതയിൽ കാറെടുത്തു കടന്നു. തുടർന്ന് ഇരിട്ടിയിലെയും മട്ടന്നൂരിലെയും എക്സൈസ് സംഘം സംയുക്തമായി വളഞ്ഞാണ് ഇയാളെ പിടികൂടിയത്. 

ബൈക്ക് പാർക്കിംഗിൽ നിർത്തി ജോലിക്ക് പോയി, തിരിച്ചുവന്നപ്പോൾ കാണാനില്ല, ഒരു മണിക്കൂറിൽ പ്രതിയെ പൊക്കി പൊലീസ്

ഫിറോസിൽ നിന്ന് 20 ഗ്രാം കഞ്ചാവും 5 ഗ്രാം  എംഡിഎംഎയും കണ്ടെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. വയനാട് ചെക്ക്പോസ്റ്റിൽ വച്ച് എംഡിഎംഎയുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് ഫിറോസ്. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) കെ ഉത്തമൻ, പ്രിവന്റീവ് ഓഫീസർ  സി പി ഷാജി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) സാജൻ, ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനിവാസൻ രമീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ കെ ജോർജ്ജ്,കേശവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!