
മലപ്പുറം: മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടലില്‍ യുവാവിന്റെ നഷ്ടപ്പെട്ട വിലയേറിയ ഫോണ്‍ തിരികെ ലഭിച്ചു. ശനിയാഴ്ചയാണ് പെരുമുക്ക് സ്വദേശിയായ സനാഫര്‍ എന്ന യുവാവിന്റെറെ സാംസങ് ഫോണ്‍ നഷ്ടപ്പെട്ടത്. ഇദ്ദേഹം ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ചങ്ങരംകുളത്തെ ഫോണിക്‌സ് എന്ന സ്ഥാപനത്തില്‍ ഫോണ്‍ ലോക്കായെന്നും ലോക്ക് തുറക്കണം എന്നാവശ്യപ്പെട്ട് ഒരു യുവാവ് ഫോണുമായി എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ ഷോപ്പുടമ ഫാരിസിസിന് സംശയം തോന്നിയതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെ യുവാവ് ഫോണ്‍ മോഷ്ടിച്ചതാണെന്ന് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് ഉടമ സനാഫറിനെ കണ്ടെത്തി. പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറി. മൊബൈല്‍ ഫോണ്‍ ഉടമ സനാഫറിന് പരാതി ഇല്ലെന്നറിയിച്ചതോടെ മൊബൈല്‍ ലോക്ക് തുറക്കാന്‍ എത്തിയ യുവാവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ വടകര അഴിയൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് പനയാല്‍ സ്വദേശി ചേര്‍ക്കപ്പാറ ഹസ്സ മന്‍സിലില്‍ താമസിക്കുന്ന ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. ചോമ്പാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ടി സുനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.