നേവിയില്‍ ജോലി; വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയ യുവാവ് അറസ്റ്റില്‍

By Web TeamFirst Published May 17, 2019, 10:54 PM IST
Highlights


വിശാഖപട്ടണം നേവല്‍ ബെയ്‌സ്, കൊച്ചിന്‍ നേവല്‍ ബെയ്‌സ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ശരിയാക്കിക്കൊടുക്കാമെന്നും നേവിയില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. 

തൃശൂര്‍; നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയ യുവാവ് അറസ്റ്റില്‍. നേവിയില്‍ കമ്മീഷന്‍റ് ഓഫീസര്‍ എന്ന വ്യാജേന നേവല്‍ ഓഫീസറുടെ യൂണിഫോമും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്ന കോട്ടയം കൊണ്ടൂര്‍ വില്ലേജ് പിണ്ണാക്കനാട് കരയില്‍ കണ്ണാമ്പിള്ളി വീട്ടില്‍ മാനുവലിന്‍റെ മകന്‍ ജോബിന്‍ മാനുവലിനെയാണ് (28) പാലാരിവട്ടം പൊലീസ് പിടികൂടിയത്. പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്‍റര്‍നാഷ്ണല്‍ എന്ന പേരില്‍ ഇയാള്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. 

വിശാഖപട്ടണം നേവല്‍ ബെയ്‌സ്, കൊച്ചിന്‍ നേവല്‍ ബെയ്‌സ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ശരിയാക്കിക്കൊടുക്കാമെന്നും നേവിയില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍നിന്ന് ഉയര്‍ന്ന റാങ്കിലുള്ള നേവല്‍ ഓഫീസറുടെ യൂണിഫോമും ചിഹ്നങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

ഇയാളില്‍ നിന്ന് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡന്‍റിറ്റി കാര്‍ഡും പ്രവേശനപാസും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പലതവണ കൊച്ചിന്‍ നേവല്‍ ബെയ്‌സ് പോലുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. നേവിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു. പലരില്‍ നിന്നായി ഇയാള്‍ 30 ലക്ഷത്തോളം രൂപ ഇപ്രകാരം കൈക്കലാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിശദമായി തുടരന്വേഷണം നടത്തിവരുകയാണെന്നും പാലാരിവട്ടം സര്‍ക്കിഗ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജേഷ് അറിയിച്ചു.

ഡിഐജി ആന്‍റ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം സബ് ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി കെ ഗിരീഷ്‌കുമാര്‍, ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, മാഹിന്‍, ദിനൂപ്, അജേഷ് എന്നിവരടങ്ങിയ സ്‌ക്വാഡിന്‍റെ ദിവസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ വലയിക്കാന്‍ സാധിച്ചത്. സിറ്റിയിലെ മറ്റൊരു സ്‌റ്റേഷനിലെ മേഷണക്കേസില്‍ ഉള്‍പ്പെട്ട മാരുതി സ്വിഫ്റ്റ് കാറില്‍ വ്യാജമായി നമ്പര്‍ രേഖപ്പെടുത്തി പ്രതി ഉപയോഗിച്ചിരുന്നതും കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. 

 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!