
തൃശൂര്‍: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞയാളുടെ കാലിൽ കാർ കയറ്റി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മാള കുഴൂരിലാണ് സംഭവം. കുഴൂർ സ്വദേശി പുഷ്‌പൻ്റെ കാലിലൂടെ കാർ കയറ്റിയിറക്കുകയും സാരമായി പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലാണ് പ്രതിയായ ഗുരുതപ്പാല സ്വദേശി സുനിൽ കുമാർ (41) പിടിയിലായത്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് കുഴൂരിൽ സംഭവം നടന്നത്.
സുനിൽകുമാർ ഓടിച്ച കാറും ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. കുഴൂരിൽ തന്നെയാണ് ഈ അപകടം നടന്നത്. അപകടത്തിൽ സ്‌കൂട്ടർ മറിഞ്ഞ് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ദമ്പതികളും സുനിൽകുമാറും തമ്മിൽ തർക്കമുണ്ടായി. ഇതുകണ്ട് ഇവിടേക്ക് വന്ന പുഷ്‌പൻ തർക്കിക്കുന്നത് നിർത്തി പരിക്കേറ്റവരെ കാറിൽ ആശുപത്രിയിലെത്തിക്കാൻ സുനിൽകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ സുനിൽകുമാർ പുഷ്‌പനോടും കയർത്തു.
പിന്നീട് കാറിൽ കയറിയ സുനിൽകുമാർ വാഹനം സ്റ്റാർട്ടാക്കിയ ശേഷം പുഷ്പൻ്റെ നേരെ ഓടിക്കുകയായിരുന്നു. പുഷ്‌പൻ്റെ കാലിലൂടെ കാറിൻ്റെ ചക്രം കയറിയിറങ്ങി. ഇദ്ദേഹത്തിൻ്റെ കാലിന് പരിക്കേറ്റു. പിന്നീട് ഇവിടെ നിന്ന് വാഹനം നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
കേസിൽ പ്രതിയായ സുനിൽകുമാർ സ്ഥിരം ക്രിമിനലാണെന്ന് പൊലീസ് പറയുന്നു. സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതും അടക്കം ഇയാൾക്കെതിരെ കേസുണ്ട്. മാള, അതിരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam