
കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (48) ആണ് പിടിയിലായത്. നിലവിൽ ഇയാൾ മരട് അസറ്റ് കൊട്ടാരം അപ്പാർട്ട്മെന്റിൽ ആണ് താമസം എന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ സന്തോഷ് കുമാറിനെതിരെ വിവിധ ജില്ലകളിലായി സമാനമായ 37 ഓളം കേസുകളും, പുറമെ ചെക്ക് കേസുകൾ ഉൾപ്പെടെയുളള മറ്റ് തട്ടിപ്പ് കേസുകളും നിലവിൽ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ, മലപ്പുറം സ്വദേശികളിൽ നിന്ന് ഇയാൾ കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ് എന്ന് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
Read More : റോഡിലൂടെ നടന്ന് പോകവെ കാല്‍നടയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം
Read More : അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസുകാരിയോട് ലൈംഗിക അതിക്രമം; 57 കാരന് 17 വര്‍ഷം തടവ്