
കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ (33 വയസ്സ്) എന്നയാളെയാണ് 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും എക്സൈസ് പിടികൂടിയത്.
ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 10 വർഷം വരെ കഠിന തടവും ഒരുലക്ഷം രൂപ വരെ പിഴയുമാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയാൽ കിട്ടുന്ന ശിക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ സാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read also: മീൻ കയറ്റുന്ന പിക്കപ്പ് വാനില്‍ കഞ്ചാവ്, കോഴിക്കോട് ലഹരിമരുന്നിനെതിരായ നിരീക്ഷണം ശക്തം
കഴിഞ്ഞ മാസം തിരുവനന്തപുരം കാട്ടാക്കടയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയിരുന്നു. കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ ഗ്രോ ബാഗില്‍ നട്ട് പരിപാലിച്ചു വളര്‍ത്തിയ നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയും നേരത്തെ ക്രിമിനൽ കേസില്‍ പ്രതിയുമായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുവെന്നാണ് എക്സൈസ് അധികൃതര്‍ അറിയിച്ചത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റെന്‍സ് നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ജയകുമാർ, ശിശുപാലൻ,സി.ഇഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത് , വിനോദ് കുമാർ, ഷിന്റോ, ഹരിത്, ഡബ്ല്യൂ.സി.ഇ.ഒ വീവ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam