
കൊച്ചി: ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്. നിരവധി പേരാണ് തട്ടിപ്പിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് സ്വദേശികളായ ആശ, മിന്‍റോ മണി എന്നിവര്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. മാസങ്ങളായി കൊച്ചിയില്‍ തുടരുന്ന ഫ്ലാറ്റ് തട്ടിപ്പിന്‍റെ പിന്നില്‍ ആശയും മിന്‍റോ ആന്‍റണിയുമാണെന്നാണ് പരാതി. പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ യുവതിയും കൂട്ടാളിയും തട്ടിയെടുത്തതായാണ് വിവരം.
കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്‍റ് ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഫ്ലാറ്റിലെ SF 16 നമ്പർ മുറി ലീസിന് നല്‍കാമെന് വാഗ്ദനാം ചെയ്ത് സവാദ് എന്ന യുവാവില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയത്. സവാദ് നേരത്തെ താമസിച്ച വീടൊഴിഞ്ഞ് പുതിയ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴാണ് അതേ ഫ്ലാറ്റിനായി വീരേന്ദ്ര പ്രസാദും കുടുംബവും ആറര ലക്ഷം രൂപ നല്‍കി എന്ന വിവരമറിഞ്ഞത്. ഇതോടെ വന്‍ തട്ടിപ്പിന്‍റെ ചുരുളഴിയുകയായിരുന്നു.
വീരേന്ദപ്രസാദും, സവാദും തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ സമാന തട്ടിപ്പിന് ഇരയായ കൂടുതല്‍ ആളുകളെ കണ്ടെത്തിയത്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകൾ ഒഎൽഎക്‌സിൽ പണയത്തിനു നൽകാമെന്ന് പരസ്യം നൽകി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരിൽനിന്നായി ലക്ഷങ്ങൾ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
വാഴക്കാല മലാബര്‍ സര്‍വീസ് ഫ്ലാറ്റില്‍ മുറി നല്‍കാമെന്ന് വാഗ്ജദാനം ചെയ്ത് പെരുമ്പാവൂര്‍ സ്വദേശി ആല്‍ബിനില്‍ നിന്നും പ്രതികള്‍ പണം തട്ടിയിരുന്നു. പ്രതികളുമായി കരാര്‍ ലീസ് കരാര്‍ ഒപ്പിടുന്നതിന്‍റെ ദൃശ്യങ്ങളും പരാതിക്കാര്‍ പുറത്തുവിട്ടു. ഇവര്‍ക്ക് പുറമേ ഇനിയും ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. പരാതി കിട്ടിയതോടെ മിന്‍റോയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ആശക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam