വിദേശിയെ ആക്രമിച്ച് മാല കവർന്ന പ്രതി പിടിയിൽ, കുടുക്കിയത് കുർത്തയിലെ ഡിസൈൻ

By Web TeamFirst Published Feb 27, 2020, 8:17 AM IST
Highlights

ടൂറിസ്റ്റ് വിസയിൽ എത്തിയ ഫേറ്റ്ലി വർക്കലയിൽ വച്ച് പരിചയപ്പെട്ട യുവതിയുമായി സംസാരിക്കുന്നതിനിടെ സുജിത് ഇരുവരേയും ആക്രമിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.

വർക്കല: വിദേശിയെ ആക്രമിച്ച് മല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പെരുമ്പുഴ സ്വദേശിയായ സുജിത് ആണ് പിടിയിലായത്. ഫ്രഞ്ച് പൗരനെയും സുഹൃത്തായ നെതർലാൻഡ് സ്വദേശിനിയെയും അക്രമിച്ചാണ് മല അടിച്ചുമാറ്റാൻ സുജിത് ശ്രമിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബീച്ചിൽ‌ വച്ച് ഫ്രഞ്ച് പൗരൻ ആരിഫ് ഫേറ്റ്ലിയുടെ രണ്ട് പവന്റെ മാലയാണ് കവർന്നത്. ടൂറിസ്റ്റ് വിസയിൽ എത്തിയ ഫേറ്റ്ലി വർക്കലയിൽ വച്ച് പരിചയപ്പെട്ട യുവതിയുമായി സംസാരിക്കുന്നതിനിടെ സുജിത് ഇരുവരേയും ആക്രമിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.

'ഓം' എന്ന് ഇം​ഗ്ലീഷിൽ എഴുതിയ കുർത്ത ധരിച്ച ആളാണ് അക്രമണം നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി റസ്റ്റ്റന്റിൽ ജോലി ചെയ്തിരുന്നതായി വ്യക്തമായി. പിന്നാലെ ബീച്ചിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് സംശയിക്കുന്നവരുടെ ഫോട്ടോകൾ ഫേറ്റ്ലിയെ കാണിക്കുകയും വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സുജിത്തിനെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച മാല ആറ്റിങ്ങലിലെ സ്വർണ്ണ കടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More: ദുബായില്‍ വെച്ച് ഇന്ത്യക്കാരന്റെ പണം തട്ടിയ വിദേശിയെ സിസിടിവി കുടുക്കി
 

click me!