
മാന്നാർ: പ്രവാസിയുടെ എ ടി എം കാർഡ് മോഷ്ടിച്ച് പണം കവർന്ന തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെങ്കാശി വാള സൈയിൽ ചിന്ന സുബ്രഹ്മണ്യന്‍റെ മകൻ ബാല മുരുകൻ ( 43 ) നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 6 ലക്ഷത്തി മുപ്പത്തി എണ്ണായിരം രൂപയാണ് ഇയാൾ ഇപ്രകാരം തട്ടി എടുത്തത്. പ്രവാസിയായ പാണ്ടനാട് പ്രയാർ കിഴുവല്ലിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണ് കവർന്നത്. കഴിഞ്ഞ 25 വർഷമായി ഇയാൾ വിദേശത്താണ്. ചെങ്ങന്നൂർ എസ് ബി ഐയിലായിരുന്നു അക്കൗണ്ട്. 2018 ൽ ആണ് അക്കൗണ്ട് എസ് ബി ഐ യിൽ തുടങ്ങിയത്. കാർഡ് എടുത്തതിന്‍റെ പിറ്റേന്ന് തന്നെ വിദേശത്തേക്ക് പോവുകയും ചെയ്തു.
2022 ഒക്ടോബർ 25 ന് ഇയാൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് പണം നഷ്ടമായ വിവരം അറിയുന്നത്. പണം പിൻവലിക്കുന്നതിനായി ബാങ്കിൽ ചെക്കു നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ല. ബാങ്ക് അധികൃതരുമായി ബന്ധപെട്ടപ്പോൾ ആണ് 61 തവണയായി പണം പിൻവലിച്ചെന്നും മൊത്തം പണവും നഷ്ടപ്പെട്ടന്നും ബോധ്യമായത്. 2018 ലെ പ്രളയത്തിനു ശേഷം വീട്ടിലെ ആക്രി സാധനങ്ങൾ കൊടുത്ത കൂട്ടത്തിൽ എ ടി എം കാർഡും നഷ്ടപ്പെട്ടതാണ് തട്ടിപ്പിന് കാരണമായത്. ആക്രി സാധനങ്ങൾ തിരുവല്ലയിലുള്ള ഒരു ആക്രി കടയിലാണ് ഏൽപ്പിച്ചത്. അവിടെ നിന്നും സാധനങ്ങൾ എടുക്കുന്ന ഡ്രൈവറാണ് പണം തട്ടിയ ബാലമുരുകൻ. ഇയാൾ ഈ കാർഡ് ആക്രി കടയിൽ നിന്നും അടിച്ചുമാറ്റിയതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ജോസ് മാത്യുവും സംഘവുമായിരുന്നു അന്വേഷണം നടത്തിയത്. അവരുടെ അന്വേഷണത്തിൽ ഒരേ ലോറിയിൽ തന്നെ എത്തിയാണ് പല എ ടി എമ്മിൽ നിന്നും പണം പിൻവലിച്ചതെന്ന് അറിയാൻ കഴിഞ്ഞു. ലോറി തെങ്കാശി സ്വദേശിയുടെ ആണെന്ന് കണ്ടെത്തി. ഷാജി നാട്ടിൽ വന്നപ്പോഴാണ് വീട്ടിലെ ആക്രി സാധനങ്ങൾ കൊടുത്തത്. ഇയാൾ നാട്ടിലുള്ളപ്പോൾ തന്നെയാണ് പണം നഷ്ടപെട്ടത്. അബുദാബിയിലുള്ള ഫോൺനമ്പരും ബാങ്ക് അക്കൗണ്ട് നമ്പറുമായി ആണ് ലിങ്ക് ചെയ്തിരുന്നത്. നാട്ടിൽ എത്തിയതിനെത്തുടർന്ന് വിദേശ നമ്പറിലുള്ള ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലാണ് പണം പിൻവലിച്ചതിന്‍റെ സന്ദേശം അറിയാതെ പോയത്. 2022 ഒക്ടോബർ 7 നും 22 നും ഇടയിലാണ് പണം നഷ്ടപെട്ടത്.
തിരുനൽവേലി, സേലം, തെങ്കാശി, പുനലൂർ, പത്തനാപുരം, തിരുവനന്തപുരം, മധുര, നാമക്കൽ, എടമൺ, കറ്റാനം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പണമെടുത്തത്. ചെങ്ങന്നൂർ ഡി വൈ എസ് പി ബിനുകുമാർ എം കെയുടെ നേതൃത്വത്തിൽ സി ഐ വിപിൻ എ സി, എസ് ഐമാരായ ബാലാജി എസ് കുറുപ്പ് , എം സി അഭിലാഷ് , എ എസ് ഐ ഷെഫീക്ക് , സി പി ഒ മാരായ ഉണ്ണികൃഷ്ണപിള്ള , അരുൺ ഭാസ്കർ എന്നിവർ ചേർന്ന് തമിഴ്നാട്ടിൽ എത്തി ലോറി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. ലോറി ഡ്രൈവർമാർ മാറി മാറി വന്നതിനാൽ പ്രതിയെ പിടികൂടാൻ പ്രയാസം നേരിട്ടു. പ്രതിയിൽ നിന്നും 6 ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി പണം ഇയാൾ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam