വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; പ്രതി അറസ്റ്റില്‍

By Web TeamFirst Published Aug 30, 2019, 7:16 PM IST
Highlights

മതസ്പര്‍ദ്ധ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് വളാഞ്ചേരി പൊലീസ്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

മലപ്പുറം: വളാഞ്ചേരിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. വളാഞ്ചേരി പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് രാമകൃഷ്ണൻ പിടിയിലായത്. ആരാധനാലയം തകര്‍ത്ത് മതസ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

click me!