
കോഴിക്കോട്: പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്‍റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ യുവാവ് അറസ്റ്റിലായി. കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാൻ ( 20 ) ആണ് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവും ചേർന്ന് പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് മോഷണം നടന്നത്.
കിനാലൂർ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗായതിനാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഇയാൾ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മോഷണം നടന്നതിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും , വാച്ചും ,കൂളിംഗ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്പ്ടോപ്പ് വിൽപ്പന നടത്താൻ സാധിച്ചിരുന്നില്ല. ഇത് പ്രതി താമസിക്കുന്ന ചേവായൂർ ത്വക്ക് രോഗ ആശുപത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്‍റെ കോമ്പൗണ്ടിൽ കുറ്റികാട്ടിലൊളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.
ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കളവിലേക്ക് തിരിയുന്നത്. ഇതിനുമുൻപും നിരവധി കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടികൂടുകയും എല്ലാം ഒത്തു തീർപ്പാക്കുക യുമായിരുന്നു. പ്രതിക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ് , ഹാദിൽ കുന്നുമ്മൽ , ശ്രീജിത്ത് പടിയാത്ത് , രാകേഷ് ചൈതന്യം , എ കെ അർജ്ജുൻ മെഡിക്കൽ കോളേജ് പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ , ശ്രീജയൻ , സി പി ഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam