
കോഴിക്കോട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് ഇയാൾ പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി. ഭയന്നുപോയ വിദ്യാർത്ഥിനിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.
പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പതോളം സി.സി.ടി.വി (CCTV) ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിനകം ഇയാളെ തിരിച്ചറിഞ്ഞ പോലീസ്, അൻഷാദ് ഇപ്പോൾ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജെയിൻ, മുഹമ്മദ് സബീർ, സീനിയർ സിവില് പോലീസ് ഓഫീസർമാരായ ഹാജിറ, നിധിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam