ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ചയാൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

By Web TeamFirst Published Jul 31, 2021, 10:25 PM IST
Highlights

മോഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതിയുടെ ഭാഗത്തു നിന്ന് കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു...

തിരുവനന്തപുരം: ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പള്ളിക്കൽ ആനകുന്നം സ്വദേശിയുടെ കടയിൽ നിന്ന് ജൂലൈ 30 വെള്ളിയാഴ്ച പുലർച്ചെ ഇരുപത്തയ്യായിരം രൂപ മൂല്യമുള്ള ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയതായി പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ് ചെയ്തു. 

തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവർ ആയ സനോജ് (42) നെയാണ് മോഷണം പോയ റബർ ഷീറ്റുകൾ വിൽക്കാൻ പോകുമ്പോൾ ഓട്ടോ സഹിതം അറസ്റ്റ് ചെയ്തത്. പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് കടകളും മറ്റും കണ്ടുവെക്കുകയും രാത്രിയിൽ എത്തി മോഷണം നടത്തുകയും ചെയ്യുന്ന പ്രതിയുടെ പേരിൽ കിളിമാനൂർ, അഞ്ചൽ, പുനലൂർ എന്നീ സ്ഥലങ്ങളിൽ ക്ഷേത്ര മോഷണ കേസുകളും റബർ ഷീറ്റ് മോഷണ കേസുകളുമുണ്ട്. 

മോഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതിയുടെ ഭാഗത്തു നിന്ന് കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്തിനെ കൂടാതെ എസ് ഐ സഹിൽ, എസ് ഐ ഉദയകുമാർ, എ എസ് ഐ സജിത്ത് സിപിഒ ആയ രഞ്ജിത്ത്, ഷമീർ, പ്രസേനൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

click me!