മാഹിയില്‍ നിന്ന് കടത്തിയ 55 കുപ്പി മദ്യവുമായി ഒരാള്‍ കോഴിക്കോട് പിടിയില്‍

By Web TeamFirst Published Jan 31, 2019, 1:11 AM IST
Highlights

മദ്യവില്പനയെക്കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ക്കും കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു.  പരാതികളെ തുടര്‍ന്ന് സജീവന്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 

കോഴിക്കോട്: താമരശേരി പൂനൂരില്‍ വീണ്ടും വന്‍ മദ്യവേട്ട. 55 കുപ്പി മാഹി മദ്യവുമായി പൂനൂര്‍ കൈതേരിപ്പൊയില്‍ സജീവനാ(49)ണ് പിടിയിലായത്. പൂനൂര്‍ 19ല്‍ താമരശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മദ്യവില്പനയെക്കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ക്കും കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂനൂരില്‍ നിന്നും 51 കുപ്പി വിദേശമദ്യവുമായി ജിങ്കോ ശരത് എന്നയാളെ താമരശേരി റെയ്ഞ്ച് പാര്‍ടി അറസ്റ്റു ചെയ്തിരുന്നു. 

പരാതികളെ തുടര്‍ന്ന് സജീവന്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. സജീവന്‍ താമസിക്കുന്ന പൂനൂര്‍ 19ലെ വീട്ടില്‍ നിന്നുമാണ് 55 കുപ്പി മാഹി മദ്യവുമായി ഇയാളെ അറസ്റ്റു ചെയ്തത്. മദ്യവില്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ബാലുശേരി റെയ്ഞ്ചില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.  

പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരാജ്.പി, ഷാജു.സി.ജി, വിവേക്.എന്‍.പി,  അശ്വന്ത്.വി.ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിംന.ടി.എം, ഡ്രൈവര്‍ പി.കെ.കൃഷ്ണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

click me!