
കോഴിക്കോട്: വീട്ടിൽ വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് പിടികൂടി. ബേപ്പൂർ തവളക്കുളം സ്വദേശി വല്ലാതൊടി പറമ്പിൽ രാജീവ് (47)ആണ് ബേപ്പൂർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്.
വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ രാജീവിന്‍റെ വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പരാതികളേറിയതോടെയാണ് ബേപ്പൂർ സബ് ഇൻസ്പെക്ടർ ഷൈജയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയതും നിരോധിത പുകയില പായ്ക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തതും.
ഒരു പായ്ക്കറ്റിന് അറുപത് രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് ബേപ്പൂർ സബ് ഇൻസ്പെക്ടർ ജയരാജ് സീനിയർ സിപിഒ അനൂപ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. തൃത്താല പടിഞ്ഞാറങ്ങാടിയിൽ പ്രവര്‍ത്തിക്കുന്ന ന്യൂ മലബാർ ബേക്കറിയില്‍ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. 50000 രൂപ വിലവരുന്ന പതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് തൃത്താല പൊലീസ് നടത്തിയ പരിശോധനയില്‍ ബേക്കറിക്കുള്ളില്‍ നിന്നും പിടികൂടിയത്. രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാന്‍സ് പായ്ക്കുറ്റകള്‍. കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് പ്രതി ഹാൻസ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More : ജയിലുകളിൽ രാസ ലഹരി സുലഭം; വില്‍പന എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍