
തിരുവനന്തപുരം: സ്കൂട്ടറിൽ വിൽപ്പനയ്ക്കായി എം ഡി എം എയും കഞ്ചാവുമായി പോയ യുവാവ് പിടിയിൽ. പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനി ഷാനി ഭവനിൽ വിഷ്ണു (27) ആണ്. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ വിഴിഞ്ഞം മുക്കോലയിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് എക്സൈസ് സംഘം 2.020 ഗ്രാം എം ഡി എം എയും 50 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.
പിടിയിലായ വിഷ്ണുവിനെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരയ വിപിൻ സാം, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ്, അഖിൽ വി എ, പ്രസന്നൻ, അഖിൽ വി, ഉൾപ്പെട്ട സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
അതേസമയം ഇന്ന് കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ന്യൂജൻ മയക്കുമരുന്നായ എം ഡി എം എ യുമായി ബസ് കണ്ടക്ടര്‍ പിടിയിലായി എന്നതാണ്. ഓര്‍ക്കാട്ടേരി പയ്യത്തൂര്‍ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്‌കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം ഡി എം എ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് കണ്ടക്ടറില്‍ നിന്നും നിരോധിത മയക്കുമരുന്ന് പിടിച്ചത്. അഷ്‌കര്‍ കോഴിക്കോട് നിന്നും വില്യാപ്പളളിയിലുള്ള യുവാവിന് കൈമാറാനാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വടകര സി ഐ പി എം മനോജും സംഘവുമാണ് അഷ്കറിനെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ശ്രീമണി ബില്‍ഡിംങ് പരിസരത്ത് നിന്നാണ് ഇയാള്‍ വലയിലാകുന്നത്.