ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി
ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടിയാണെന്നും ഇതിൽ പ്രതിഷേധിച്ച് സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും കെ പി സി സി നേതൃത്വം അറിയിച്ചു. എ ഐ സി സി ആഹ്വാനപ്രകാരം മാര്‍ച്ച് 26 ന് തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വാർത്താക്കുറിപ്പ് ഇപ്രകാരം
മോദി - അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയ മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ ഐ സി സി ആഹ്വാനപ്രകാരം മാര്‍ച്ച് 26 ന് തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ 26 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സത്യാഗ്രഹം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അതാത് ജില്ലകളിലെ കെ പി സി സി ഭാരവാഹികള്‍, എം പിമാര്‍, എം എല്‍ എമാര്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
