
തൃശൂര്‍: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അതിക്രമത്തില്‍ മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മനു അറസ്റ്റില്‍. ജനറല്‍ ആശുപത്രിയിലേക്ക് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂര്‍ സ്വദേശി റിസ്വാന്റെ (21) കൂടെ വന്നതായിരുന്നു മനു. ജനറല്‍ ആശുപത്രിയിലെ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോ. പി.ഡി. ദീപയുടെ പരാതി പ്രകാരം പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിലെ ഒ.പിയില്‍ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവിനേയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് മനു ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. സ്ത്രീത്വത്തിന് അപമാനം ഏല്‍പ്പിക്കുകയും ഒ.പിയുടെ ഡോര്‍ തല്ലി പൊളിച്ച് പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. മനു നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എം.കെ., എസ്.ഐമാരായ സുല്‍ഫിക്കര്‍ സമദ്, അഭിലാഷ് ടി., ജി.എസ്.സി.പി.ഒമാരായ ഗിരീഷ്, അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam