കടയുടെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം, പ്രതികളെ പൊലീസ് സഹായിച്ചെന്ന് നാട്ടുകാർ

By Web TeamFirst Published Feb 16, 2021, 11:17 AM IST
Highlights

സ്ഥലത്ത് എത്തിയ കോവളം എസ്ഐ ഗംഗാപ്രസാദിനോട് സംഭവം വിവരിക്കാൻ ചെന്ന സിപിഎം ആഴാകുളം ബ്രാഞ്ച് സെക്രട്ടറി മോഹനനെയും ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫിസിനെയും എസ്ഐ അസഭ്യം പറഞ്ഞുവെന്നും...

തിരുവനന്തപുരം: കടയുടെ മുന്നിൽ  മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിന് രണ്ട് അംഗ സംഘത്തിൻറെ മർദ്ദനത്തിൽ പരിക്കേറ്റു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ജില്ലാപഞ്ചായത്തംഗത്തോടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയോടും കോവളം എസ്ഐ അസഭ്യം പറഞ്ഞെന്ന പരാതി ഉയർന്നത് സ്ഥിതി വഷളാക്കി.

ആഴാകുളത്ത് അഖിൽ ഫർണിച്ചർ മാർട്ട് ഉടമ ചെറുകോണം തെക്കേക്കര പുത്തൻവീട്ടിൽ അഖിലിനാണ് രണ്ടം​ഗ സംഘത്തിന്റെ മർദ്ദനത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റത്. ഇന്നലെ വൈകിട്ട്  അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് കാറിലെത്തിയ രണ്ടംഗ സംഘം ഫർണ്ണിച്ചർ മാർട്ടിന് മുന്നിൽ മൂത്രം ഒഴിച്ചു. ഇത് അഖിൽ ചോദ്യം ചെയ്തതിനെ തുടർന്നുള്ള  വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. 

സംഭവത്തിന് ശേഷം പ്രതികളായ ഇരുവരും തൊട്ടടുത്തുള്ള ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയതോടെ നാട്ടുകാർ തടിച്ചുകൂടി. കോവളം പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ കോവളം എസ്ഐ ഗംഗാപ്രസാദിനോട് സംഭവം വിവരിക്കാൻ ചെന്ന സിപിഎം ആഴാകുളം ബ്രാഞ്ച് സെക്രട്ടറി മോഹനനെയും ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫിസിനെയും എസ്ഐ അസഭ്യം പറഞ്ഞുവെന്നും ഇതുകേട്ട നാട്ടുകാർ പൊലീസിന് നേരെ  പ്രതിഷേധവുമായി മുന്നോട്ടുവന്നതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഇതോടെ വിഴിഞ്ഞം - കടയ്ക്കുളം, സ്വദേശികളായ രണ്ടുപേരെയും ഇവർ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ പൊലീസ് അസഭ്യം പറഞ്ഞുവെന്നത് ശരിയല്ലെന്നും പ്രതികളുടെ വാഹനം കസ്റ്റഡിയിലെടുക്കുന്നത് തടസ്സപ്പെടുത്താൻ ഒരു കൂട്ടം പേർ ശ്രമിച്ചതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പിടിയിലായ രണ്ടു പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും കേസെടുത്തതായും കോവളം സി ഐ രൂപേഷ് രാജ് പറഞ്ഞു. പൊതുപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ കോവളം എസ്ഐക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന്  പരാതി നൽകുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
 

click me!