കടയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടി, രാത്രി പ്രതികാരം; കടയ്ക്ക് തീയിട്ടു, നാട്ടിലേക്ക് മുങ്ങി

By Web TeamFirst Published Dec 4, 2022, 7:58 PM IST
Highlights

തിരൂരങ്ങാടിയിലെ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ട ശേഷം നാട്ടിലേക്ക് മുങ്ങിയത്

മലപ്പുറം: മോഷണത്തെ തുടര്‍ന്ന് കടയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അതിഥി തൊഴിലാളി കട തീവെച്ച് നശിപ്പിച്ചെന്ന് പരാതി. ഇതിന് ശേഷം ഇയാൾ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയിൽ പറയുന്നു. കടയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടിയതിനെ തുടര്‍ന്ന് ഇയാളെ നേരത്തെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു. അതിനോടുള്ള പ്രതികാരം ആയിട്ടാണ് രാത്രിയില്‍ കടയ്ക്ക് തീകൊളുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ട ശേഷം നാട്ടിലേക്ക് മുങ്ങിയതെന്നാണ് പരാതി. കടയുടമ കെ ടി അമാനുള്ളയാണ് ആലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കടയില്‍ ജോലി ചെയ്തിരുന്ന സ്ഥിരം ജീവനക്കാരന്‍ അവധിയിലായതിനെ തുടര്‍ന്ന് പകരക്കാരനായെത്തിയതായിരുന്നു ആലം. ഇയാള്‍ കടയിലെത്തിയത് മുതല്‍ കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ട കടയുടമ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പണമെടുക്കുന്നത് ഇയാളാണെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ആലം ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍  കൈവശപ്പെടുത്തി ബൈക്കുമെടുത്ത് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്. കടയ്ക്കു തീയിട്ട ശേഷം ആലം ബൈക്കില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി പോയി.

പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് പൊലീസും താനൂരില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള നടപടി തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

വാഹനാപകടം എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു; കൊലപാതകം തെളിഞ്ഞു, അറസ്റ്റ്

click me!