
ഇടുക്കി: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ വിവരങ്ങളാണ് തൊടുപുഴയിൽ നിന്ന് പുറത്തുവന്നത്. രാത്രിയിൽ വാഹനാപകടം എന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചയാളുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞത്. തൊടുപുഴയ്ക്ക് സമീപം നാളിയാനിയിൽ മദ്യപിക്കുന്നതിനിടെ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് കണ്ടെത്തി. റബര്‍ വെട്ടുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തിയായിരുന്നു കൊലപാതകം നടത്തിയത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം ഇങ്ങനെ
പൂമാല നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ സാം ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ തർക്കം ഉണ്ടായപ്പോൾ ഒരാൾ കയ്യിലുണ്ടായിരുന്ന റബർ വെട്ടുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്‍റെ കഴുത്തിലാണ് കുത്ത് ഏറ്റത്. കുത്തേറ്റതിന് പിന്നാലെ സാമിനെ പ്രതികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ എത്തുമ്പോഴേക്കും സാം മരിച്ചിരുന്നു. വാഹനാപകടത്തിലുള്ള പരിക്കാണ് കഴുത്തിലേതെന്നായിരുന്നു കൊണ്ടുവന്ന സുഹൃത്തുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് ആശുപത്രിയിലെത്തി. പൊലീസിനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ പൊലീസിന്‍റെ തിരച്ചിലിൽ പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പിടികൂടി. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂമാല സ്വദേശികളായ ജിതിൻ പത്രോസ് , ആഷിക് ജോർജ് , പ്രിയൻ പ്രേമൻ എന്നവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സാമിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam