
തിരുവനന്തപുരം: കോവളം ബീച്ചിൽ വീണ്ടും തെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്കാണ് ഇന്ന് കടിയേറ്റത്. രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്‍റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായ്ക്കൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു. റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്‌ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.
തുടർച്ചയായ തെരുവുനായ ആക്രമണത്തിന്‍റെ പശ്വാത്തലത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗ നേതൃത്വത്തിൽ കോവളം ബീച്ചിൽ നായ്ക്കളെ പിടികൂടിത്തുടങ്ങി. ഇവയെ പേട്ട മൃഗാശുപത്രിയോടനുബന്ധിച്ച എബിസി കേന്ദ്രത്തിലേക്ക് മാറ്റി 10 ദിവസം നിരീക്ഷിക്കും. ഒപ്പം പേവിഷ ബാധക്കെതിരെയുള്ള കുത്തിവയ്പ് നൽകാനുമാണ് ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam