
തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ല വീട്ടിൽ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആന്ധ്ര ബാങ്കിൽ ഉണ്ടായിരുന്നപ്പോൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്തു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വർഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
വീട്ടമ്മ പണം നൽകിയതിനു ശേഷവും ഇൻഷുറൻസ് നൽകാത്തതിനെ തുടർന്ന് ഇയാളെ വിളിച്ചെങ്കിലും കാലാവധി കഴിഞ്ഞ പോളിസി നമ്പറിൽ വീട്ടമ്മയുടെ പേര് വ്യാജമായി ചേർത്ത് നൽകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ വീട്ടമ്മ ബാങ്കിനെ സമീപിച്ചപ്പോഴാണ് ഇത് വ്യാജ രേഖയാണെന്ന് ബാങ്ക് അറിയിച്ചത്. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധനക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ ഇയാൾ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേന്ദ്രൻ നായർ, എസ്.ഐ ദിലീപ് കുമാർ കെ, ഷിബു വർഗീസ്, സി.പി.ഒ സുദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam