മുദ്രാ ലോണ്‍ അപേക്ഷയില്‍ 50000 രൂപ 'പാസായി', അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കാലി; സൈബര്‍ തട്ടിപ്പിനിരയായി യുവാവ്

Published : Dec 09, 2024, 08:48 PM ISTUpdated : Dec 09, 2024, 08:50 PM IST
മുദ്രാ ലോണ്‍ അപേക്ഷയില്‍ 50000 രൂപ 'പാസായി', അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കാലി; സൈബര്‍ തട്ടിപ്പിനിരയായി യുവാവ്

Synopsis

9000 രൂപ കൂടി അയക്കണമെന്നും 59,000 രൂപ ഉടനെ അക്കൗണ്ടില്‍ ലഭിക്കുമെന്നുമുള്ള അറിയിപ്പാണ് അപ്പോള്‍ ലഭിച്ചത്. പന്തികേട് തോന്നിയ ഷാജി തനിക്ക് ലോണ്‍ വേണ്ടെന്നും ഈടാക്കിയ 3750 രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടു.

കോഴിക്കോട്: പ്രധാനമന്ത്രിയുടെ മുദ്രാ ലോണിന്റെ പേരില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവ്. കോഴിക്കോട് കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശി കെ ഷാജിയാണ് തട്ടിപ്പിന് ഇരയായത്. തന്റെ പക്കല്‍ നിന്നും 3750 രൂപ സംഘം കൈക്കലാക്കിയതായും കൂടുതല്‍ പണം നല്‍കാന്‍ പറഞ്ഞുകൊണ്ടുള്ള ഭീഷണി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഷാജി കുറ്റ്യാടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി ലോണ്‍, മുദ്ര ലോണ്‍ എന്നിങ്ങനെയുള്ള പേരുകളില്‍ ഷാജിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നത്. ഇതിനൊപ്പം ഉണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ലഭിച്ച അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. അപേക്ഷ നല്‍കിയ ഉടന്‍ തന്നെ ഒരു കോള്‍ വരികയും ഫോണ്‍ ചെയ്തയാള്‍ ഷാജിക്ക് 50,000 രൂപ ലോണ്‍ അനുവദിച്ചതായി പറയുകയും ലോണിന്റെ ഇന്‍ഷുറന്‍സ് ആവശ്യത്തിനായി 3750 രൂപ അടയ്ക്കാനും നിര്‍ദേശിച്ചു. ഇതുപ്രകാരം 3750 രൂപ നല്‍കിയതിനെ തുടര്‍ന്ന് 50,000 രൂപ ക്രെഡിറ്റ് ആയതായി കാണിച്ച് ഫോണില്‍ എസ്എംഎസ് സന്ദേശം ലഭിച്ചു. 

എന്നാല്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ കാലിയായിരുന്നു. ഉടനെ ഷാജി തന്നെ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. 9000 രൂപ കൂടി അയക്കണമെന്നും 59,000 രൂപ ഉടനെ അക്കൗണ്ടില്‍ ലഭിക്കുമെന്നുമുള്ള അറിയിപ്പാണ് അപ്പോള്‍ ലഭിച്ചത്. പന്തികേട് തോന്നിയ ഷാജി തനിക്ക് ലോണ്‍ വേണ്ടെന്നും ഈടാക്കിയ 3750 രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടു.

 എന്നാല്‍ ലോണ്‍ ക്യാന്‍സല്‍ ചെയ്യാന്‍ 1000 രൂപ നല്‍കണമെന്നായിരുന്നു അപ്പോഴത്തെ ആവശ്യം. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ട് വീണ്ടും ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ഷാജി പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലം ഫാസ്റ്റിൽ യുവതിയുടെ അടുത്തിരുന്ന് യാത്രക്കാരന്‍റെ ശല്യം, ബഹളംവെച്ചതോടെ യാത്രക്കാർ തടഞ്ഞുവെച്ചു; 54കാരൻ അറസ്റ്റിൽ
വരിക്കാശ്ശേരി മനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം