
ചാരുംമൂട്: ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ അവഗണിച്ച് വീടും പരിസരവും വൃത്തിഹീനമായും അയൽവാസികൾക്ക് ശല്യമാകുന്ന വിധത്തിലും പ്രവർത്തിച്ച വീട്ടുടമയ്ക്കെതിരെ പിഴ വിധിച്ച് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. നൂറനാട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ വി പ്രമോദ് ചാര്‍ജ് ചെയ്ത കേസിലാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 4000 രൂപ പിഴ ചുമത്തിയത്. പിഴയടച്ചില്ലെങ്കിൽ 10 ദിവസത്തെ വെറും തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി. സമാനമായ മറ്റൊരു സംഭവത്തിൽ പരപ്പനങ്ങാടിയിൽ വീട്ടുടമയ്ക്കും വാടകക്കാരനും കോടതി 15000 രൂപ പിഴയിട്ടിരുന്നു. കൊതുകും എലികൾ വരുന്ന രീതിയിൽ വീട്ടുപരിസരം അലക്ഷ്യമായി സൂക്ഷിച്ചതിനും മാലിന്യങ്ങൾ കൂട്ടിയിട്ടതിനുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനേ തുടർന്നാണ് നടപടി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം 2023ലാണ് രൂപം നൽകിയത്.
12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ബില്‍ നിയമസഭ പാസാക്കിയത്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള നിയമം അനുസരിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.