നഷ്ടപ്പെട്ടുവെന്ന് കരുതിയ ബാഗ് രണ്ടുമാസത്തിന് ശേഷം ഉടമയെ തേടിയെത്തി; കയ്യടിക്കാം നല്ലവനായ ഈ ഓട്ടോക്കാരന്

By Web TeamFirst Published Jun 9, 2019, 10:31 PM IST
Highlights

പണവും തിരിച്ചറിയല്‍ കാര്‍ഡും മിലിട്ടറി പെന്‍ഷന്‍കാര്‍ഡും രേഖകളും അടങ്ങിയ ബാഗ് രണ്ടുമാസം മുമ്പാണ് അബ്ദുല്‍ സലാമിന് നഷ്ടമായത്. 

കായംകുളം: നഷ്ടപ്പെട്ടുവെന്ന് കരുതിയ ബാഗ് ഒടുവില്‍ തിരികെ എത്തിയ സന്തോഷത്തിലാണ് അബ്ദുല്‍ സലാം. സന്തോഷത്തോടൊപ്പം  പണവും രേഖകളും അടങ്ങിയ ബാഗ്  കൃത്യമായി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോനോട് ആദരവും. പണവും തിരിച്ചറിയല്‍ കാര്‍ഡും മിലിട്ടറി പെന്‍ഷന്‍കാര്‍ഡും രേഖകളും അടങ്ങിയ ബാഗ് രണ്ടുമാസം മുമ്പാണ് അബ്ദുല്‍ സലാമിന് നഷ്ടമായത്. മേടമുക്കില്‍ നിന്നും കെഎസ്ആര്‍ടിസി സ്റ്റാന്‍റിലേക്ക് കുഞ്ഞുമോന്‍റെ ഓട്ടോയില്‍ യാത്ര ചെയ്ത അബ്ദുല്‍ സലാം ബാഗ് ഓട്ടോയില്‍ മറന്നു. 

അബ്ദുല്‍ സലാമിനെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ ഇറക്കി തിരികെ മേടമുക്കില്‍ എത്തിയപ്പോളാണ് യാത്രികന്‍ ബാഗ് എടുക്കാതെയാണ് സ്ഥലം വിട്ടതെന്ന് കുഞ്ഞുമോന്‍ അറിയുന്നത്. അബ്ദുല്‍ സലാമിനായി കുഞ്ഞുമോന്‍ സ്വന്തം രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു. ബാഗിനെക്കുറിച്ച് അബ്ദല്‍ സലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടാകാഞ്ഞതോടെ കഴിഞ്ഞദിവസം കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോളാണ് ബാഗ് സ്റ്റേഷനില്‍ ലഭിച്ച വിവരം അറിയുന്നത്. 

click me!