
ആറന്മുള: പത്തനംതിട്ട ആറന്മുളയിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പൊലീസ്. ഇടയാറന്മുള സ്വദേശി സജിയാണ് മരിച്ചത്. കേസിലെ പ്രതിയായ റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട സജിയുടേയും പ്രതി റോബിന്‍റേയും സുഹൃത്തായ സന്തോഷിനാണ് പരിക്കേറ്റത്.
മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഇടയാറൻമുള എരുക്കാട് വച്ചാണ് സംഘർഷമുണ്ടായത്. സുഹൃത്തുക്കൾക്കിടയിലുണ്ടായിരുന്ന നിസാര പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സജിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്തോഷുമാണ് കന്പി വടിയുമായെത്തിയത്. സജിയും സന്തോഷും മദ്യലഹരിയിലായിരുന്നു.
രണ്ട് ദിവസം മുന്പ് ഉണ്ടായ പ്രശ്നം ചോദിക്കാനാണ് സജിയും സന്തോഷും എത്തിയത്. ആദ്യം വാക്ക് തർക്കം ഉണ്ടായി. പീന്നീട് സംഘർഷമായി. കൈയ്യിലുണ്ടായിരുന്ന വടി എടുത്ത് സജി റോബിനെ അടിക്കാൻ ശ്രമിച്ചപ്പോഴാണ് റോബിൻ വടി പിടച്ചു വാങ്ങി സജിയുടെ തലക്കടിച്ചതെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് സജി മരിച്ചത്. ഇതിന് പിന്നാലെ തന്നെ എരുമക്കാട് നിന്ന് പൊലീസ് റോബിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam