
കൊച്ചി: വീട് നിർമ്മിച്ച് നൽകാൻ പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് മംഗലം ചോലക്കോട് സ്വദേശി കൃഷ്‌ണദാസ് (36) നെയാണ് വഞ്ചനാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 11 ലക്ഷം രൂപയ്ക്ക് വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യ ഗഡു കൈപ്പറ്റിയ ശേഷം തറഭാഗം മാത്രം നിർമ്മിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. എറണാകുളം കണ്ണമാലി സ്വദേശിയെയാണ് പ്രതി മോഹന വാഗ്ദാനം നൽകി കബളിപ്പിച്ചത്.
പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി ഫോർ ഡി എന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനാണ് കൃഷ്ണദാസ്. എറണാകുളം കണ്ണമാലിക്കാരനായ പരാതിക്കാരൻ്റെ രണ്ടര സെൻ്റ് സ്ഥലത്ത് വീട് നിർമിച്ച് നൽകാമെന്നാണ് കൃഷ്ണദാസ് വാഗ്ദാനം ചെയ്തത്. 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി കൃഷ്ണദാസ് ആകെ പറഞ്ഞ ചെലവ് 11 ലക്ഷം രൂപ. ഇതിലേക്ക് ആദ്യ ഗഡുവായി 5.40 ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക പതിനായിരം രൂപ വീതം പലിശയില്ലാതെ മാസ തവണകളായി നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം.
ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പരാതിക്കാരനുമായി കൃഷ്‌ണദാസ് കരാർ ഒപ്പിട്ടു. ആദ്യ ഗഡുവായ 5.40 ലക്ഷം രൂപ പല തവണകളായി ഡി ഫോർ ഡി എന്ന സ്ഥാപനത്തിൻ്റെ ആലുവ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ കൈമാറിയിരുന്നു. പണം കൈപ്പറ്റിയ ശേഷം കൃഷ്ണദാസ് വീടിൻ്റെ നിർമ്മാണം തുടങ്ങി. പക്ഷെ തറ ഭാഗം നിർമ്മിച്ച ശേഷം പിന്നീട് വീട് പണി മുന്നോട്ട് പോയില്ല. കരാർ ലംഘിച്ച കൃഷ്ണദാസ് കൈപ്പറ്റിയ തുക പരാതിക്കാരന് തിരിച്ചുകൊടുക്കാനും തയ്യാറായില്ല.
പണം ലഭിക്കാതിരിക്കുകയും വീട് പണി മുന്നോട്ട് പോകാതെയുമായതോടെ പരാതിക്കാരൻ കണ്ണമാലി പൊലീസിനെ സമീപിക്കുകയായിരുന്നു. പണം കൈമാറിയതിൻ്റെ വിവരങ്ങളും ഒപ്പിട്ട കരാറും പ്രതിയുടെ വ്യക്തി വിവരങ്ങളും പരാതിക്കാരൻ പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തതറിഞ്ഞ് കൃഷ്ണദാസ് ഒളിവിൽ പോയി. പിന്നീട് പാലക്കാട് ഓങ്ങല്ലൂരിൽ നിന്നും കണ്ണമാലി ഇൻസ്പെക്ടർ എ എൽ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. എഎസ്ഐ ഫ്രാൻസിസ്, എസ്‌സിപിഒമാരായ രജിത്ത് മോൻ, സുനിൽ കുമാർ, എഡ്വിൻ റോസ് എന്നിവരം പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam