ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് സംസ്കരിച്ച വ്യക്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി.!

By Web TeamFirst Published Nov 2, 2018, 6:45 PM IST
Highlights

ഒക്‌ടോബര്‍ 13-നു കര്‍ണാടകയിലെ എച്ച്.ഡി. കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു

പുല്‍പ്പള്ളി: മരണപ്പെട്ടെന്ന് കരുതി ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് കൈമാറിയ മൃതദേഹം സംസ്കരിച്ച് 14 ദിവസം പരേതന്‍ വീട്ടില്‍ എത്തി. പുല്‍പ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുല്‍പ്പള്ളി തേക്കനാംകുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകനാണു സജി. നാല്‍പ്പത്തിയേഴു വയസുകാരമായ സജി അവിവാഹിതനാണ്. ജോലി ആവശ്യത്തിനായി മൂന്നു മാസത്തോളം മുമ്പ് വീട്ടില്‍നിന്നു പോയ സജിയെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരം എന്നതിനാല്‍ വീട്ടുകാര്‍ അന്വേഷണവും നടത്തിയില്ല.

അതിനിടെയാണ് ഒക്‌ടോബര്‍ 13-നു കര്‍ണാടകയിലെ എച്ച്.ഡി. കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അതിനിടെ മരിച്ചതാരാണെന്ന് അറിയാനായി കര്‍ണാടകയിലെ  ബൈരക്കുപ്പ പോലീസും പുല്‍പ്പള്ളി പോലീസും അന്വേഷണം നടത്തുന്നതിനിടെ യാദൃച്ഛികമായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയ സജിയുടെ സഹോദരന്‍ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിഞ്ഞു. 
ഉടന്‍ മാതാവ് ഫിലോമിനയെ കൂട്ടിക്കൊണ്ട് മോര്‍ച്ചറിയിലെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മൃതദേഹത്തിന്‍റെ പരിസരത്തുനിന്നു കിട്ടിയ ചെരുപ്പ് സജിയുടെതിന്  സമാനമായിരുന്നു. ഒരു കാല് നേരത്തേ ഒടിഞ്ഞിരുന്നെന്നും കമ്പിയിട്ടിരുന്നെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കളുടെ മൊഴിയും യോജിച്ചു. അതോടെ മൃതദേഹം സജിയുടേതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ മൃതദേഹം കഴിഞ്ഞ 16-ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു. 

പിന്നീടാണ് സംഭവത്തിലെ ട്വിസ്റ്റ് നടന്നത്, രണ്ടാഴ്ച മുമ്പ് വീട്ടുകാര്‍ സംസ്‌കാരച്ചടങ്ങ് നടത്തിയ  പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേല്‍ സജി ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച് ബുധനാഴ്ച വീട്ടിലെത്തി. സംഭവം അറിഞ്ഞതിന് പിന്നാലെ ഭൂസ്വത്ത് തട്ടിയെടുക്കാനായി താന്‍ മരിച്ചെന്നു ചിത്രീകരിച്ചതാണെന്നു സജി ആരോപിച്ചതോടെ ബന്ധുക്കള്‍ ശരിക്കും പെട്ടു. അപ്രതീക്ഷിതമായ ട്വിസ്റ്റ് വന്നതോടെ സജിയുടേതെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ക്കു കൈമാറിയ മൃതദേഹം ആരുടേതെന്ന് അറിയാന്‍ പോലീസ് നെട്ടോട്ടത്തില്‍.

തന്റെ ഭൂമി സ്വന്തമാക്കാനായാണ് ബന്ധുക്കള്‍ താന്‍ മരിച്ചതായി ചിത്രീകരിച്ചതെന്നു സജി പറയുന്നു. മൃതദേഹം മാറിപ്പോയതു തെറ്റിദ്ധാരണ മൂലമാണെന്നു ബന്ധുക്കള്‍ വിശദീകരിച്ചു. ആടിക്കൊല്ലിയില്‍ സ്വന്തം വീട്ടില്‍ തനിച്ചാണു സജി താമസിച്ചിരുന്നത്. പല നാട്ടിലും കൂലിപ്പണിക്കു പോകുമായിരുന്നു. യാത്രകളെപ്പറ്റി ബന്ധുക്കളോടു പറയുക പതിവുണ്ടായിരുന്നില്ല. പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടര്‍നടപടി സ്വീകരിക്കാനായി പോലീസ് ജില്ലാ കലക്ടറുടെ അനുമതി തേടിയിരിക്കുകയാണ്.

click me!