
തുവ്വൂർ: കാല്‍പന്തു കളിയോട് മുഹബ്ബത്തില്ലാത്തവരായി ആരും മലപ്പുറത്ത് കാണില്ല. അതേ മുഹബ്ബത്ത് മൂത്ത് ടർഫ് ഗ്രൗണ്ടിൽ കളിക്കാൻ വാശി പിടിച്ച മകന് വീടിന്റെ മട്ടുപ്പാവിൽ ഗ്രൗണ്ട് ഒരുക്കിയിരിക്കുകയാണ് പിതാവ്. തുവ്വൂർ തെക്കുംപുറത്തെ ചക്കാലക്കുന്നൻ റഷീദാണ് മകൻ മുഹമ്മദ് റഫാന് വേണ്ടി പെയിന്റ് ഉപയോഗിച്ച് മട്ടുപാവിൽ ടർഫ് മൈതാനമൊരുക്കിയത്.
പിതാവിന് പെയിൻറിംഗ് തൊഴിലായതിനാൽ കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടര വയസ്സുകാരൻ റഫാന് കൊറോണയെ കുറിച്ചും ലോക്ക് ഡൗണിനെ കുറിച്ചും അത്ര പിടിയില്ലെങ്കിലും പന്ത് കളിയെകുറിച്ച് നല്ലപിടിയാണ്. എന്തൊക്കെ സംഭവിച്ചാലും ടർഫ് ഗ്രൗണ്ടിൽ കളിക്കണം എന്ന വാശിയും. നിരോധനാജ്ഞക്ക് മുമ്പ് പിതാവ് റഷീദിന്റെ കൂടെ തുവ്വൂരിൽ കളിക്കാൻ പോയതോടെയാണ് ടർഫിനോട് ഈ കൊച്ചു താരത്തിന് വല്ലാത്ത മോഹമായത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ പറ്റാതെയായി. എന്തായാലും വേണ്ടില്ല തനിക്ക് ടർഫിൽ പന്തുതട്ടണമെന്ന് റഫാൻ വാശി പിടിച്ചു. ഇതോടെ വെട്ടിലായ പിതാവ് റഷീദ് തന്റെ 1300 സ്‌ക്വയർ ഫീറ്റ് വരുന്ന വീടിന്റെ മട്ടുപാവിൽ പെയിന്റ് ഉപയോഗിച്ച് മനോഹരമായ ടർഫ് കോർട്ട് ഒരുക്കുകയായിരുന്നു.
ഇപ്പോൾ വീട്ടിലെ മറ്റു കുട്ടികളാടൊപ്പം ടർഫിൽ പന്തുതട്ടുന്നതിന്റെ സന്തോഷത്തിലാണ് റഫാൻ, ആറു ദിവസം പണിയെടുത്താണ് റഷീദ് ഇത്രയും മനോഹരമായ കോർട്ട് രൂപപ്പെടുത്തിയത്. ഇതിനിടക്ക് കുട്ടികൾ മട്ടുപാവിലെ ഗ്രൗണ്ടിൽ പന്ത് കളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലും ക്ലിക്കായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam