
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ പൊന്നാനി വില്ലേജിൽ പാലപ്പെട്ടി കറുത്ത കരയിൽ വീട്ടിൽ യൂസഫ് മകൻ യൂനുസ് (26) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് മൂന്നാം കോടതി ജഡ്ജ് ശ്രീമതി അനീഷ എസ്. പണിക്കരാണ് പ്രതിക്ക് ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് ഉത്തരവിട്ടത്.
2023 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ മെട്രോ സ്റ്റേഷന് മുൻവശം പൊതുജനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിച്ച് കിടന്നിരുന്ന പ്രതിയെ മാറ്റാൻ കൊച്ചി സിറ്റി കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ, പ്രതി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ എറണാകുളം നോർത്ത് എസ്.ഐ രതീഷ് ടി.എസ് കേസ് (ക്രൈം നമ്പർ: 1110/2023) രജിസ്റ്റർ ചെയ്യുകയും, എസ്.ഐ ദർശക് ആർ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ശ്രീമതി സുജ ടി. ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിബിൻ കെ.വി (SCPO 13254), സനീഷ് കുമാർ വി.എസ് (SCPO 14508) എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam