
കൊല്ലം: ആക്രിക്കടയിൽ വിറ്റ പഴയ പുസ്തകങ്ങൾക്കിടയിൽ സ്വർണമുണ്ടെന്ന കാര്യ വീട്ടുകാർ മറന്നത് ആശങ്കക്കിടയാക്കി. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ ഉമ്മർകുട്ടിയാണ് കുന്നേൽ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന എ. നിസാറിന്റെ എഎൻ ട്രേഡേഴ്സ് എന്ന ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ കൊണ്ടുപോയി വിറ്റത്. കള്ളന്മാരെ ഭയന്ന് ഈ പുസ്തകങ്ങൾക്കിടയിലായിരുന്നു വീട്ടുകാർ സ്വർണം സൂക്ഷിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ആക്രി കടയിൽ കൊടുത്ത പുസ്തകങ്ങൾക്കിടയിൽ ആയിരുന്നു സ്വർണമെന്ന് വീട്ടുകാർ ഓർത്തത്. ഉടൻ കടയിലെത്തി കാര്യം പറഞ്ഞു. ഭാഗ്യത്തിന് വിറ്റ സാധനങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സ്റ്റോക്കിലേക്ക് മാറ്റിയതിനാൽ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല.
വീട്ടുകാരും സ്ഥാപനത്തിലെ അഞ്ച് തൊഴിലാളികളും ചേർന്ന് ആക്രി ക്കൂമ്പാരത്തിൽ തിരച്ചിൽ ആരംഭിച്ചു. വൈകിട്ടു വരെ നടത്തിയ തിരച്ചിലിൽ കമ്മൽ, വള, മോതിരം എന്നിവ കിട്ടി. ബാക്കി സ്വർണത്തിനായി പിറ്റേദിവസം വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ മാലയും കണ്ടെത്തി. എന്നാൽ, നാല് ഗ്രാം ആഭരണങ്ങൾ കണ്ടെത്താനായില്ല. വീണ്ടെടുത്ത സ്വർണം കടയുടമ നിസാർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് വീട്ടുകാർക്ക് കൈമാറിയത്. തിരച്ചിലിനിടെ രണ്ട് അതിഥി തൊഴിലാളികൾക്ക് സൂര്യാതപമേൽക്കുകയും ചെയ്തു. ഇവർ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam