
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിലായി. കൽവത്തി കരയിൽ താമസിക്കുന്ന ഷെഹീർ (48) എന്നയാളെയാണ് ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ബാങ്കുമൂലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പ്രതിയെ ഇവിടെ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫോർട്ട് കൊച്ചി ദ്രോണാചാര്യക്ക് സമീപമുള്ള കോറൽ ഹെറിറ്റേജ് ഫ്ലാറ്റിലും പ്രിൻസസ് സ്ട്രീറ്റിന് സമീപത്തുള്ള കെട്ടിടത്തിലുമായിരുന്നു കവർച്ച. കോപ്പർ കോയിലുകൾ, പൈപ്പ് ഫിറ്റിംഗ്സുകൾ, ഇലക്ട്രിക് മോട്ടറുകൾ, എ.സിയുടെ ഔട്ട് ഡോർ യൂണിറ്റ് ഫിറ്റിംഗ്സുകൾ, ഇലക്ട്രിക് വയറുകൾ, ടൂൾസുകൾ എന്നിവയാണ് പ്രതി അപഹരിച്ചത്. അറസ്റ്റിന് ശേഷം നടത്തിയ തെളിവെടുപ്പിൽ പ്രതി താമസിച്ചിരുന്ന വീട്ടിനുള്ളിൽ നിന്ന് മോഷണം പോയ ഇലക്ട്രിക് വയറുകളും ടൂൾസുകളും കോപ്പർ കോയിലുകളും പോലീസ് കണ്ടെടുത്തു.
നാല് മാസങ്ങൾക്ക് മുൻപ് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്കൂളിൽ മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സി.ഐ. വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. എസ്.ഐ. അജ്മൽ ഹുസൈൻ, എസ്.ഐ. നിസ്സാമുദ്ദീൻ, എ.എസ്.ഐ.മാരായ ശ്രീകുമാർ, പ്രിൻസി, എസ്.സി.പി.ഒ. ബിനു, സി.പി.ഒ.മാരായ സബീർ പി. ബഷീർ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam