
തിരുവനന്തപുരം: കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ വയോധികനെ അഗ്നി രക്ഷാസേനയെത്തി കരയിലെത്തിച്ചു. പേരൂർക്കട റാന്നി ലെയിൻ സ്വദേശിയാണ് ആത്മഹത്യചെയ്യുമെന്നു പറഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയത്. ബുധനാഴ്‌ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വഴയില റാന്നി ലൈനിലെ റാന്നി കുളത്തിലിറങ്ങിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. കുളത്തിൽ പായലും അടിഭാഗത്ത് ചളിയും ഉണ്ടായിരുന്നതിനാൽ ഒരുമണിക്കൂറോളം വെള്ളത്തിൽ നിന്ന ഇയാൾ ഏറെക്കുറെ തളർച്ചയിലായിരുന്നു.
സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സേന എത്തി സുരക്ഷിതമായി ഇയാളെ കരയിലെത്തിക്കുകയായിരുന്നു. ഇയാൾ പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയില്ലായിരുന്നതിനാൽ അന്വേഷിച്ചപ്പോൾ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ഇയാളെ ചികിത്സയ്ക്ക് വിധേയനാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)