മലപ്പുറം എടവണ്ണയിൽ ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശം വിതച്ചു. മുന്നൂറോളം കുലച്ച വാഴകളും നൂറോളം കവുങ്ങുകളും നശിപ്പിച്ച ആനകളെ വനപാലകർ തുരത്തി.
മലപ്പുറം: എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള എടവണ്ണ ഓടയിക്കലില്‍ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. കര്‍ഷകരായ അയനിക്കുത്ത് അമീറലി, ഷൗക്കത്തലി എന്നിവരുടെ കൃഷിയിടങ്ങളിലെ മുന്നൂറോളം കുലച്ച വാഴകളും നൂറോളം കവുങ്ങുകളുമാണ് ആനകള്‍ നശിപ്പിച്ചത്. നാല് ആനകളടങ്ങുന്ന സംഘമാണ് ജനവാസ മേഖലയോട് ചേര്‍ന്നുള്ള ഈ കൃഷിയിടങ്ങളില്‍ ഇറങ്ങിയത്. സൗരോര്‍ജ്ജ വേലി സ്ഥാപിച്ചു സംരക്ഷിച്ചിരുന്ന കൃഷിയിടത്തിലാണ് ആനകള്‍ അതിക്രമിച്ചു കയറിയത്. ഒരു വശത്തെ കവുങ്ങ് മറിച്ചിട്ട് വേലി തകര്‍ത്താണ് ആനകള്‍ അകത്തുകയറിയത്.
ഈ മേഖലയില്‍ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തില്‍ വനംവകുപ്പിന്റെ തൂക്കുവേലി ഇല്ലാത്തത് വന്യമൃഗങ്ങള്‍ എളുപ്പത്തില്‍ കൃഷിയിടങ്ങളിലേക്ക് എത്താന്‍ കാരണമാകുന്നു. നിലവിലുള്ള തൂക്കുവേലികളെ ബന്ധിപ്പിച്ച് ഈ ഭാഗത്ത് താത്കാലികമായി സിംഗിള്‍ ലൈന്‍ വേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കാനുള്ള നടപടികള്‍ വനപാലകര്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായ തൂക്കുവേലി സ്ഥാപിക്കുന്നതിനായി വനംവകുപ്പ് ഉടന്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് അധികൃതര്‍. കൃഷിയിടത്തില്‍ തമ്പടിച്ച ആനകളെ വനപാലകര്‍ പടക്കം പൊട്ടിച്ചും മറ്റും വനത്തിനുള്ളിലേക്ക് തിരിച്ചയച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
