
മലപ്പുറം: കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയ പ്രതിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോടതി ഒന്നര വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. പുളിക്കല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം പാലക്കുളങ്ങര ചിരക്കോട് ഹരീഷിനാണ് (48) മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സബ് ഇന്‍സ്പെക്ടറെ കുത്തിക്കൊല്ലാൻ ശ്രമിച്ചതടക്കം ഒൻപതോളം കേസുകളിൽ പ്രതിയാണ് ഹരീഷ്.
കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെ റേഷന്‍ കടയിൽ നിന്ന് കടയുടമയെ ഭീഷണിപ്പെടുത്തി സാധനങ്ങൾ തട്ടിയെടുത്ത കേസില്‍ ഇയാൾ അറസ്റ്റിലായിരുന്നു. മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം പൊലീസ് നടപടിയെടുത്തു. സ്വന്തം ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഏപ്രില്‍ 17ന് രാത്രി ഇയാൾ സ്വന്തം വീട്ടിലെത്തി. വിവരം അറിഞ്ഞ കൊണ്ടോട്ടി പൊലീസ് ഉടൻ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണെന്നും ജില്ലയില്‍ ഇത് ആദ്യമാണെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. കൊണ്ടോട്ടി എസ്.ഐ വി. ജിഷില്‍, സീനിയര്‍ സിവില്‍ പൊ ലീസ് ഓഫിസര്‍മാരായ അബ്ദുല്ല ബാബു, അജിത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam