കടിച്ച മൂര്‍ഖനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറാന്‍ കാത്തുനിന്നു; യുവാവ് മരണപ്പെട്ടു

By Web TeamFirst Published Dec 5, 2021, 8:22 AM IST
Highlights

കടിയേറ്റ ബിനു ഉടന്‍ തന്നെ മൊബൈല്‍ ടോര്‍ച്ചിന്‍റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. 

പുനലൂര്‍: കടിച്ച മൂര്‍ഖനെ പിടികൂടി, അതിനെ വനപാലകരെ ഏല്‍പ്പിക്കാന്‍ കാത്തുനിന്ന യുവാവ് മരണപ്പെട്ടു. പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ ഉദയഗിരി നാലുസെന്‍റ് കോളനിയിലെ സികെ ബിനുവാണ് മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. തോട്ടില്‍ കാല്‍ കഴുകുന്നതിനിടെയാണ് ബിനുവിന് മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റത്. തോളിക്കാട്ടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുംവഴി ബിനു കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയപ്പോഴാണ് കടിയേറ്റത് എന്നാണ് സമീപവാസികള്‍ പറയുന്നത്.

കടിയേറ്റ ബിനു ഉടന്‍ തന്നെ മൊബൈല്‍ ടോര്‍ച്ചിന്‍റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്. തുടര്‍ന്ന് അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് റാപ്പിഡ് ഫോഴ്സ് സ്ഥലത്ത് 20 മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തി. ഇത്രയും സമയം ബിനു പാമ്പിനെയും പിടിച്ച് സ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി. 

തുടര്‍ന്നാണ് ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും, വെഞ്ഞാറന്‍മൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കടിയേറ്റ ആദ്യ നിമിഷങ്ങളില്‍ എടുക്കേണ്ട പ്രഥമിക ചികില്‍സ ലഭിക്കാത്തതും, ആശുപത്രിയിലേക്ക് പോകാത്തതുമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. 

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ അഞ്ചോളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു എന്ന് വരാം.

 നമ്മുടെ നാട്ടില്‍ കാണുന്ന ചേര പോലുള്ളവ കടിച്ചാല്‍ ചെറിയ പാടുകൾ ഉണ്ടാകാം. ഇത് വിഷ‌പ്പല്ല് അല്ല എന്നത് മനസിലാക്കുക. വിഷപല്ല് എന്ന് പറയുന്നത് സൂചി കുത്തുന്നത് പോലെ മൂര്‍ച്ചേറിയ രണ്ട് പോയിന്റുകള്‍ മാത്രമായിരിക്കം ഉണ്ടാവുക. ഇതില്‍ നിന്നും രക്തം വരാനും സാധ്യതയുണ്ട്.

 ആന്റിവെനം നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇവ ആ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാക്കും. ഇങ്ങനെ ഒരു മുറിവില്‍ ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടെങ്കില്‍ മനസിലാക്കാം പാമ്പിന്റെ വിഷം ശരീരത്തിൽ എത്തിയിട്ടുണ്ടെന്ന കാര്യം. പാമ്പ് കടിയേറ്റാൽ ആ​ദ്യം ചെയ്യേണ്ടത് എന്താണെന്ന് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

 ഒന്ന്...

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക. ശേഷം കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി ഒരു തോർത്തോ വള്ളിയോ ഉപയോ​ഗിച്ച് കെട്ടുക. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുക. 

രണ്ട്...

ചിലർ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഡോ. രാജേഷ് പറയുന്നു. 

മൂന്ന്...

സമയം പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടതെന്നും ഡോ. രാജേഷ് പറയുന്നു.

നാല്...

കടി കൊണ്ടയാൾ നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കടിച്ചത് ഏതു പാമ്പാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ചികിത്സ‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

അഞ്ച്...

യഥാസമയം ചികിത്സ കിട്ടാത്തതാണ് പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്ന് ഡോ. രാജേഷ് പറയുന്നു. 

click me!