
കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന. വനത്തിനകത്ത് ഒന്നരകിലോ മീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥ പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി.
ഇത് തടയാൻ ശ്രമിക്കവെയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിയതും. ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചുളള പരിശോധനയിലും ആദ്യ ദിനം സൂചനയൊന്നും കിട്ടിയില്ല. രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തിയെങ്കിലും വെളിച്ചക്കുറവും വന്യമൃഗ ശല്യവും കണക്കിലെടുത്ത് തിരച്ചിൽ നിർത്തി. ഇന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. വനത്തിൽനിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നവും മാനസിക അസ്വാസ്ഥ്യവുമാണ് കഴുത്തു മുറിക്കാൻ കാരണമെന്നാണു പൊലീസ് നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam