
ചാരുംമൂട്: യുവാവിന്റെ സത്യസന്ധതയില്‍ കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ ലഭിച്ചു. പാലമേൽ മറ്റപ്പള്ളി വിജീഷ് ഭവനത്തിൽ പരേതരായ വിജയൻ - സതി ദമ്പതികളുടെ മകൻ വിഷ്ണു (26) ആണ് കളഞ്ഞു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്. ഇന്ന് രാവിലെ 9.45 ന് വീട്ടിൽ നിന്നും നൂറനാട്ടേക്കു ജോലിക്ക് പോകാൻ ബൈക്കിൽ വരുമ്പോഴായിരുന്നു വിഷ്ണുവിന് മറ്റപ്പള്ളി ഫയറിംങ് റേഞ്ചിനു സമീപത്തെ റോഡിൽ നിന്നും രണ്ടു ലക്ഷം രൂപ കളഞ്ഞു കിട്ടിയത്.
പണവുമായി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയ വിഷ്ണു, സബ്ബ് ഇൻസ്പെക്ടർ കെ.രാജനെ പണം ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ പണം നഷ്ടപ്പെട്ട പന്തളം മുടിയൂർക്കോണം ചാമകണ്ടത്തിൽ ബാലകൃഷ്ണൻ (62) പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട 2 ലക്ഷം രൂപ സ്റ്റേഷനില്‍ കിട്ടിയ വിവരം അറിയുന്നത്. തുടർന്ന് സബ്ബ് ഇൻസ്പെക്ടർ കെ.രാജൻ, അഡീഷണർ എസ്ഐ. ജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിഷ്ണു, ബാലകൃഷ്ണന് പണം കൈമാറി.
ബാലകൃഷ്ണൻ എരുമക്കുഴി ആശാൻ കലുങ്ക് ജംങ്ഷനിൽ പ്രവർത്തിക്കുന്ന ഡ്രൈവിംങ് സ്കൂളിലെ ആശാനാണ്. പണം കളഞ്ഞുകിട്ടിയ വിഷ്ണുവിനെ വർഷങ്ങൾക്ക് മുമ്പ് ബാലകൃഷ്ണ്ണനായിരുന്നു ഡ്രൈവിംഗ് പഠിപ്പിച്ചത്. നൂറനാട്ടുള്ള കടയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ വിഷ്ണു. വിഷ്ണുവിന്റെ അച്ഛൻ 5 വർഷം മുമ്പും അമ്മ 4 വർഷം മുമ്പും മരിച്ചു. സഹോദരങ്ങളായ വിനീഷ്, വിജീഷ് എന്നിവരും ഡ്രൈവർമാരാണ്. മാതാപിതാക്കളുടെ പേരിലുള്ള മൂന്നുസെന്‍റ്റ് സ്ഥലത്തെ കൊച്ചു വീട്ടിലാണ് ഇവർ കഴിയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam